റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: എന്റെ ജില്ല ആപ്പ്; സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ഒറ്റ ടച്ച് അകലെ

October 8, 2021 - 3:46 pm

തൃശ്ശൂർ: ഇത് റേറ്റിംഗിന്റെയും റിവ്യൂകളുടെയും കാലം. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ഹോട്ടലുകളും റസ്റ്റൊറന്റുകളും മറ്റും തെരഞ്ഞെടുക്കാനും ഓണ്‍ലൈന്‍ റിവ്യൂകളെയാണ് ഇന്ന് ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇതുപോലെ സേവന മികവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാര്‍ക്കിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് എന്റെ ജില്ല എന്ന മൊബൈല്‍ ആപ്പിലൂടെ. പ്ലേസ്റ്റോറില്‍ നിന്ന് എന്റെ ജില്ല (ENTE JILLA)  ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ജില്ല തെരഞ്ഞെടുത്താൽ സര്‍ക്കാര്‍ സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ റെഡി. അവയുടെ ലൊക്കേഷന്‍ മാപ്പ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളും അതിലുണ്ട്. ആപ്പ് വഴി നേരിട്ട് ഓഫീസിലേക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും വിളിക്കാനും ഇമെയില്‍ അയക്കാനും കഴിയുമെന്ന സൗകര്യവുമുണ്ട്.  റേറ്റ് ആന്റ് റിവ്യൂ സംവിധാനമാണ് ആപ്പിന്റെ പ്രധാന സവിശേഷത.

റൈറ്റ് എ റിവ്യൂ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ലഭിക്കുന്ന ഒടിപി എന്റര്‍ ചെയ്ത ശേഷം പേരും ഇമെയില്‍ ഐഡിയും നല്‍കി രജിസ്റ്റര്‍ ചെയ്യാം. അതിനു ശേഷമാണ് മാര്‍ക്കിടാനും അനുഭവം പങ്കുവയ്ക്കാനും അവസരമുള്ളത്. ഓഫീസുകളെ ഒന്നു മുതല്‍ അഞ്ച് വരെ റേറ്റ് ചെയ്യാനും അവയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തുവാനും ഇതിലൂടെ സാധിക്കും. പോസ്റ്റ് ചെയ്യുന്ന റിവ്യൂ എല്ലാവര്‍ക്കും കാണാനുള്ള സൗകര്യവും ആപ്പിലുണ്ട്. മികച്ച സ്ഥാപനങ്ങള്‍ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്‍കി പ്രോത്സാഹിപ്പിക്കാനും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത സ്ഥാപനങ്ങളെ തിരുത്താനും ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ഓഫീസുകള്‍ക്ക് ജനങ്ങള്‍ നല്‍കുന്ന റേറ്റിംഗും അവിടെ നിന്നുള്ള സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അവര്‍ രേഖപ്പെടുത്തുന്ന അഭിപ്രായവും ജില്ലാ കലക്ടറുടെ കീഴിലുള്ള സംഘം തല്‍സമയം വിലയിരുത്തും. ഇതുപ്രകാരം മികവ് പുലര്‍ത്തുന്ന ഓഫീസുകള്‍ക്ക് അംഗീകാരം നല്‍കുന്നതോടൊപ്പം അല്ലാത്തവയെ തിരുത്തുന്നതിനുള്ള നടപടികളും കൈക്കൊള്ളും.

ഓഫീസുകളെ റേറ്റ് ചെയ്യുന്നതോടൊപ്പം അതിനുള്ള കാരണം വിശദീകരിക്കുക കൂടി ചെയ്താല്‍ തുടര്‍ നടപടികള്‍ എളുപ്പമാവുമെന്നും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എന്റെ ജില്ല ആപ്പില്‍ ഓഫീസുകളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന പ്രവൃത്തി ജില്ലയില്‍ അന്തിമഘട്ടത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പുരോഗതി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴിയാണ് ഈ വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്നത്.  നിലവില്‍ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള റവന്യൂ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപന കാര്യാലയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, ആര്‍ടിഒകള്‍, കെഎസ്ഇബി, സിവില്‍ സപ്ലൈസ് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെയെല്ലാം വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ സുരേഷ്, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *