കാസർകോട്: കവർച്ചക്കാരിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടി മുതൽ കേസ് വിസ്താരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഉടമകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവ്. കാസർകോട് കുഡ്‍ലു സർവീസ് സഹകരണ ബാങ്കിന്റെ ഏരിയാൽ ശാഖയിൽ നിന്ന് കവർന്ന സ്വർണ്ണമാണ് തിരിച്ച് നൽകുക. ഇതിനുള്ള നടപടിക്രമങ്ങൾ ബാങ്ക് അധികൃതർ തുടങ്ങി.
കുട്‍ലു സർവീസ് സഹകരണ ബാങ്കിൽ നിന്ന് കൊള്ളയടിച്ച 15.86 കിലോഗ്രാം പണയ സ്വർണ്ണാഭരണങ്ങളാണ് ഉടമകൾക്ക് തിരികെ നൽകുക. 2015 സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്കാണ് രണ്ട് ജീവനക്കാരെ കത്തി മുനയിൽ നിർത്തി ബാങ്ക് കൊള്ളയടിച്ചത്. പൊലീസ് രണ്ടാഴ്ചക്കകം പ്രതികളെ പിടികൂടി തൊണ്ടി മുതൽ കണ്ടെടുത്തു.
വിചാരണ നടപടികൾ നീണ്ടതോടെ ബാങ്ക് അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വർണ്ണാഭരണങ്ങൾ ഇടപാടുകാർക്ക് തിരിച്ച് നൽകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ബാങ്ക് അധികൃതരുടെ അപേക്ഷ അംഗീകരിച്ചാണ് കോടതി അപൂർവ്വ വിധി നടപ്പാക്കിയത്.
കാസർകോട് അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച പണയപണ്ടങ്ങൾ ബാങ്ക് ഏറ്റെടുത്ത് 905 ഇടപാടുകാർക്കാണ് തിരികെ നൽകുക. മോഷണം പോയതിൽ രണ്ട് കിലോയോളം പണയ സ്വർണ്ണം കണ്ടെടുക്കാനായിട്ടില്ല. ഈ ഉടമകൾക്ക് നഷ്ടപരിഹാരം നല്കാനായി ഇൻഷുറൻസ് തുക വിനിയോഗിക്കുമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി
