റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാതെ 11കോടി പേര്‍; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്രം

October 27, 2021 - 2:20 pm

ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യാഴാഴ്ച സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമയപരിധി അവസാനിച്ചിട്ടും വാക്സിൻ രണ്ടാം ഡോസ് എടുക്കാത്തവരിലും ഇനിയും ആദ്യ ഡോസ് വാക്സിനെടുക്കാത്തവരിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനാണ് യോഗം. ഡൽഹി വിജ്ഞാൻ ഭവനിലാണ് ബുധനാഴ്ച യോഗം ചേരുക.

കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ എണ്ണം വർധിച്ചുവരുന്നതിലുള്ള ആശങ്കയാണ് യോഗം വിളിക്കാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സമയപരിധി കഴിഞ്ഞിട്ടും 11 കോടിയോളം ആളുകൾ ഇതുവരെ സെക്കൻഡ് ഡോസ് വാക്സിൻ എടുത്തിട്ടില്ലെന്നാണ് വിവരം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിൻ യഥേഷ്ടം ലഭ്യമായിരിക്കുമ്പോഴാണ് ആളുകൾ ഈ വിമുഖത കാണിക്കുന്നതെന്നാണ് ആശങ്കപ്പെടുത്തുന്നത്.

ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന് കർമപദ്ധതികൾ തയ്യാറാക്കാൻ നാളത്തെ യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടും. ഒക്ടോബർ 21-നാണ് രാജ്യം നൂറ് കോടി ഡോസ് വാക്സിൻ എന്ന നാഴികക്കല്ല് പിന്നിട്ടത്.

രാജ്യത്തെ 75 ശതമാനത്തോളം ആളുകൾ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടു ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തീകരിച്ചത് 31 ശതമാനത്തോളം പേരാണ്. കുട്ടികൾക്കുള്ള വാക്സിനേഷൻ വിതരണം സംബന്ധിച്ചും അതിന്റെ പ്രക്രിയകൾ സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തിൽ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രം ചർച്ച നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *