കാസർകോട്: നാഷനൽ ആയുഷ് മിഷന്റെയും സംസ്ഥാന സർക്കാറിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ 260 ആയുഷ് സ്ഥാപനങ്ങൾ ഹെൽത്ത് വെൽനസ് സെന്ററുകളാകുന്നു. ഇതിന്റെ ഭാഗമായി യോഗ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ബേളൂർ ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറിയിൽ നവംബർ ഒമ്പതിന് നടക്കും.
രോഗചികിത്സയോടൊപ്പം നല്ല ആരോഗ്യവും പ്രദാനം ചെയ്യുക എന്നതാണ് വെൽനസ് സെന്ററുകളുടെ ലക്ഷ്യം. ഇതിനായി യോഗ പരിശീലനം, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, ഔഷധ സസ്യങ്ങൾ പരിചയപെടുത്തൽ തുടങ്ങി വിവിധ പരിപാടികൾ ലക്ഷ്യമിടുന്നു. ജില്ലയിലെ വെൽനസ് സെന്ററുകളിൽ ഔഷധതോട്ട നിർമ്മാണം പൂർത്തിയായി. യോഗ ട്രെയിനർമാരെ നിയമിച്ചു.
കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ബേളൂർ ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറി ഹോമിയോപ്പതി വകുപ്പിന്റെ കീഴിൽ വെൽനെസ് സെന്റർ ആയ ജില്ലയിലെ ആദ്യ സ്ഥാപനമാണ്. ഇവിടെ യോഗ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവംബർ ഒൻപതിന് രാവിലെ 10ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവ്വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ദാമോദരൻ അധ്യക്ഷത വഹിക്കും. തുടർന്ന് ‘ആഹാരവും ആരോഗ്യവും’ എന്ന വിഷയത്തിൽ ഡോ. എം. പൂജ ക്ലാസെടുക്കും.
