ന്യൂഡൽഹി: രാജ്യത്ത് ലഹരി ഉപയോഗം കുറ്റകരമല്ലാതാക്കി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർകാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതിനായി NDPSAയുടെ 27 ആം വകുപ്പ് ഭേദഗതി ചെയ്യും. നിലവിലെ പിഴയും തടവ് ശിക്ഷയും ഒഴിവാക്കും. ലഹരി ഉപയോഗിക്കുന്നവർക്ക് 30 ദിവസത്തെ കൗൺസിലിങ്ങ് നൽകും. ലഹരി വിമുക്തി പ്രോഗ്രാമും തയ്യാറാക്കും.
അതേസമയം ലഹരിക്കടത്തുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകും. ഇത് സംബന്ധിച്ച ബിൽ ഈമാസം ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം അടക്കമുള്ള മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയതായാണ് റിപ്പോർട്ട്. 10/11/21 ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ ഉന്നത സർക്കാർ വകുപ്പുകൾ ഈ വിഷയത്തിൽ സമവായമുണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്‍ഡിപിഎസ്എ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് 10,000 രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയോ രണ്ടും കൂടിയോ ലഭിക്കുന്ന കുറ്റമാണ്. പുതിയ നിയമഭേദഗതി വരുന്നതോടെ ഇവയെല്ലാം ഒഴിവായി ലഹരി ഉപയോഗം കുറ്റമല്ലാതാകും. എന്നാൽ എത്രയളവിൽ ലഹരി ഉപയോഗിക്കാം എന്നതടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ചെറിയ തോതില്‍ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലാത്ത വിധം നിലവിലെ നിയമം പരിഷ്‌കരിക്കാനാണ് ആലോചന.
