റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോകനിലവാരത്തിലേക്കുയർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

November 15, 2021 - 3:13 pm

കണ്ണൂർ: ഹാപ്പിനെസ് ഇൻഡക്സിൽ കേരളത്തെ ലോക നിലവാരത്തിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പറശ്ശിനിക്കടവ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആളോഹരി വരുമാനത്തിൽ പിന്നിലാണെങ്കിലും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തിയ നാടാണ് കേരളം. ഗുണമേന്മയുള്ള ജീവിതം നയിക്കുന്നവരാണ് കേരളീയർ. ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളിലും ജീവിത നിലവാരത്തിലും ഇവിടുത്തെ ജനങ്ങൾ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെ ഹാപ്പിനസ് ഇൻഡക്സിൽ ലോകരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളവും ഉയരണം -മന്ത്രി പറഞ്ഞു. ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ കലവറയാണ് ഈ നാട്. കൊവിഡ് മരണത്തെ പിടിച്ചു നിർത്താൻ കേരളത്തിന് സാധിക്കുന്നത് അനുബന്ധ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകാൻ കഴിയുന്നത്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ആന്തൂർ നഗരസഭയിൽ 1.58 ഏക്കര്‍ സ്ഥലത്തു സ്ഥിതി ചെയ്യുന്ന പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം 1986ലാണ് നിർമിച്ചത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്.

എന്‍എച്ച്എം – ആര്‍ഒപി ഫണ്ട് ഉപയോഗിച്ച് പത്തായിരം ചതുരശ്ര അടിയിൽ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.  2.5 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തീകരിച്ചത്. വാപ്കോസ് ആണ് നിര്‍വ്വഹണ ഏജന്‍സി.  

ഒ പി മുറികള്‍, ഫാര്‍മസി, ലാബ്, കാത്തിരിപ്പ് കേന്ദ്രം, പ്രീചെക്കപ്പ് ഏരിയ,  ഒബ്സര്‍വേഷന്‍ റൂം, ഇമ്മ്യൂണൈസേഷന്‍ റൂം, ഇഞ്ചക്ഷന്‍ റൂം, മുലയൂട്ടൽ കേന്ദ്രം, കുട്ടികൾക്കുള്ള കളിയിടം, കോണ്‍ഫറന്‍സ് ഹാള്‍, ഐയുസിഡി റൂം, നഴ്സിങ് സ്റ്റേഷന്‍, ഡ്രസ്സിങ്/ മൈനര്‍ ഒ ടി,  ഓഫീസ് റൂം, സ്റ്റാഫ് ലോഞ്ച്, പൂന്തോട്ടം, സര്‍വര്‍ റൂം, ടോയ്ലെറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ ഒ പി സൗകര്യം, സ്‌പെഷ്യാലിറ്റി ക്ലിനിക്കായ ശ്വാസ്, ആശ്വാസ്, ജീവിതശൈലി, വയോജന, കൗമാര ക്ലിനിക് എന്നിവയുമുണ്ട്. ലബോറട്ടറി സേവനങ്ങളും, കൗൺസലിങ്ങും പ്രീ ചെക്കപ് സൗകര്യങ്ങളും ലഭിക്കും.

 ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. നഗരസഭ ഉപാധ്യക്ഷ വി സതീദേവി,  സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജൻ, കെ പി മുഹമ്മദ് കുഞ്ഞി, എം ആമിന ടീച്ചർ, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഓമന മുരളീധരൻ, കൗൺസിലർ യു രമ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ നാരായണ നായ്ക്, ഡി പി എം ഡോ. പി കെ അനിൽകുമാർ, മെഡിക്കൽ ഓഫീസർ ഡോ.വിധുൻ വിനോദ്, ആർദ്രം നോഡൽ ഓഫീസർ ഡോ.കെ സി സച്ചിൻ, നഗരസഭ സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *