റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാത്തൂർവയലിൽ വീണ്ടും കാട്ടാന ആക്രമണം

November 21, 2021 - 12:52 pm

കൽപ്പറ്റ: ഒരു വർഷത്തിന് ശേഷം മാത്തൂർവയലിൽ വീണ്ടും കാട്ടാനയിറങ്ങി. 2021 നവംബർ 19 വെള്ളിയാഴ്ച രാവിലെ പാതിരി സൗത്ത് സെക്ഷനിൽ നിന്ന് എത്തിയ ആന മൂന്നുപേരെ ആക്രമിച്ചതോടെ മാത്തൂർവയലുകാർ ഭീതിയിലായിരിക്കുകയാണ്. പകൽ സമയങ്ങളിൽ പോലും എത്തുന്ന ആനകൾ ആളുകളെ ആക്രമിക്കുന്നതും കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരുന്നു. ശല്യം കുറഞ്ഞെന്ന് കരുതിയിരിക്കെവയാണ് വെളളിയാഴ്ച് ഇവിടെ വീണ്ടും കാട്ടാന എത്തി വാഹന യാത്രികരായ മൂന്നുപേരെ ആക്രമിച്ചത്. പനമരം- നെല്ലിയമ്പം റോഡ് വഴി പോകുകയായിരുന്ന ബൈക്ക് യാത്രികർക്ക് നേരെയാണ് ആദ്യം ആന പാഞ്ഞടുത്തത്. നെല്ലിയമ്പം അഞ്ഞാലിൽ ശിവരാമന്റെ മകൾ ഇരുപത്തിരണ്ടുകാരി ശിൽപക്കും പള്ളിക്കുന്ന് സ്വദേശി അമ്പതുകാരനായ പത്രോസി (ബിനു) നുമാണ് പരിക്കേറ്റത്.

ശിൽപ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പത്രോസിനെ പനമരം സിഎച്ച്‌സിയിലാണ് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 7.45- ഓടെയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പനമരം നെല്ലിയമ്പം റോഡിൽ ഇഷ്ടികക്കളത്തിന് സമീപത്ത് ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞെത്തുകയായിരുന്നു.

കോതമംഗലം മാർ ബസേലിയോസ് കോളേജിലെ വിദ്യാർഥിനിയായ ശിൽപ വെള്ളിയാഴ്ച രാവിലെ കോളേജിൽ നിന്ന് പനമരത്തെത്തിയതായിരുന്നു. പിതാവ് ശിവരാമൻ പനമരത്തുനിന്ന് മകളെകൂട്ടി നെല്ലിയമ്പത്തേക്ക് പോവുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ബൈക്കിൽനിന്ന് നിലത്തുവീണ ശിൽപയെ കാട്ടാന ചവിട്ടുകയായിരുന്നു.

ഇതിനിടെ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ബൈക്കിന് നേരെയും ആന തിരിഞ്ഞു. പള്ളിക്കുന്ന് നിന്ന് പുൽപള്ളിയിലേക്ക് കെട്ടിട നിർമാണത്തിനായി പനമരംവഴി പോവുന്നതിനിടെയാണ് പത്രോസിനും സഹയാത്രികനായ റോയിക്കുംനേരെ ആനയുടെ ആക്രമണം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന പത്രോസ് റോഡിലേക്ക് വീണു. ഇതോടെ ഇദ്ദേഹത്തെ ആന ചവിട്ടി. റോയി മാത്തൂർവയലിലൂടെ ഓടി സമീപത്തെ തോട്ടത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. റോയിക്ക് പിന്നാലെ ആന ഓടിയത് കൊണ്ട് മാത്രമാണ് പത്രോസിന് ജീവൻ തിരിച്ചു കിട്ടിയത്.

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിച്ചത്. ആക്രമണത്തിന് ശേഷം കാട്ടാന മാത്തൂർവയലിലെ മുളങ്കാടുകൾക്കിടയിൽ നിലയുറപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *