റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇനിയില്ല കാവ്യമൂറും ആ വരികള്‍: ബിച്ചു തിരുമലയ്ക്ക് വിട

November 26, 2021 - 11:30 am

തിരുവനന്തപുരം: മലയാളികള്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ബിച്ചു തിരുമല എന്ന ബി ശിവശങ്കരന്‍ നായര്‍.നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു. സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളുമടക്കം ഏകദേശം അയ്യായിരത്തോളം ഗാനങ്ങള്‍ ബിച്ചു തിരുമല മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ശക്തി എന്ന ചിത്രത്തിനായി കഥയും സംഭാഷണവും, ഇഷ്ടപ്രാണേശ്വരി എന്ന ചിത്രത്തിന് തിരക്കഥയും രചിച്ച് സിനിമയിലെ വ്യത്യസ്ത മേഖലകളിലും കഴിവ് തെളിയിച്ച കലാകാരനാണ്. ഗായകനുമായിരുന്നു. എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ ഈണം നല്‍കിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങള്‍ എഴുതിയതും അദ്ദേഹമാണ്.

ഇതിലെ പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി…’, ‘കുനുകുനെ ചെറു കുറുനിരകള്‍…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…, ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ…’, എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ…,കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം…,കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ..തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളത്തിന് നല്‍കിയിട്ടുണ്ട്.

ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളഴെുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. പിന്നാലെ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. 1972ല്‍ സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി…എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. പക്ഷേ ആ ചിത്രം റിലീസായില്ല. നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമ ആണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്‌കാരം, സ്വാതിപി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി സി ജെ ഭാസ്‌കരന്‍ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1941 ഫെബ്രുവരി 13നാണ് ബിച്ചു തിരുമല ജനിച്ചത്. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970ല്‍ എം കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എ ടി ഉമ്മര്‍, രവീന്ദ്രന്‍, ജി ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്.പ്രശസ്ത ഗായികയായ സുശീലാ ദേവി, സംഗീതസംവിധായകന്‍ ദര്‍ശന്‍ രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍. പ്രസന്നയാണ് ഭാര്യ. സുമന്‍ മകനാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *