റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

December 3, 2021 - 5:10 pm

ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു നടപ്പാക്കുന്നത്. പദ്ധതിക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  www.buymysun.com എന്ന പോർട്ടൽവഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ മുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും ഈ പോർട്ടൽവഴിയാണു നടക്കുന്നത്. പ്ലാന്റിന്റെ ശേഷിയുടെ അടിസ്ഥാനത്തിലാണു സബ്സിഡി അനുവദിക്കുന്നത്.

മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റിന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയുടെ നാലു ശതമാനവും മൂന്നു മുതൽ 10 വരെ കിലോവാട്ട് ശേഷിയുള്ള പ്ലാന്റിന് ആദ്യ മൂന്നു കിലോവാട്ടിന് 40ഉം തുടർന്ന് 20 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾ, ഫ്ളാറ്റുകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയ്ക്ക് പരമാവധി 500 കിലോവാട്ട് വരെ(ഒരു വീടിന് 10 കിലോവാട്ട്  എന്ന കണക്കിൽ) പ്ലാന്റ് സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയും ലഭിക്കും. ഒരു കിലോവാട്ട് ശേഷിയുള്ള പ്ലാന്റിൽനിന്ന് പ്രതിദിനം നാലു യൂണിറ്റ് വൈദ്യുതി ലഭിക്കും. വൈദ്യുതി ബില്ലിൽനിന്ന് പ്രതിമാസ ഉപയോഗം മനസിലാക്കി വീടുകളിൽ സ്ഥാപിക്കേണ്ട പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം.

വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലു മുതൽ ഏഴു വരെ വർഷംകൊണ്ട് പ്ലാന്റ് സ്ഥാപിക്കാൻ മുടക്കിയ പണം തിരികെ ലഭിക്കും.
പ്ലാന്റിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിലെ ഉപയോഗം കഴിഞ്ഞു ബാക്കിയുണ്ടെങ്കിൽ കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്കു കടത്തിവിടാൻ കഴിയും. ഓരോ വർഷവും ഒക്ടോബർ മുതൽ സെപ്റ്റംബർ വരെയുള്ള ഒരു വർഷം ഇങ്ങനെ അധികം ഗ്രിഡിലേക്കു നൽകിയിട്ടുള്ള വൈദ്യുതിക്ക് യൂണിറ്റിന് നിശ്ചിത നിരക്കിലുള്ള തുക ഗുണഭോക്താവിന് കെ.എസ്.ഇ.ബി. നൽകും. പദ്ധതിക്കായി വിപുലമായ പ്രചാരണത്തിനും അനെർട്ട് പദ്ധതി തയാറാക്കിയിട്ടുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിനു സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശ നിരക്കിൽ വിവിധ ബാങ്കുകളിൽനിന്ന് വായ്പയായി ലഭ്യമാക്കാനുള്ള നടപടികളും അനെർട്ട് സ്വീകരിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *