റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാഗാലാന്‍ഡ് വെടിവയ്പ്പ്: ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിര്‍ദേശം

December 7, 2021 - 10:30 am

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ 14 ഗ്രാമീണരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയമിച്ചതായി കേന്ദ്രസര്‍ക്കാര്‍. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഖേദവും അനുശോചനവും അറിയിച്ചു.

സ്ഥിതി സംഘര്‍ഷഭരിതമാണെങ്കിലും നിയന്ത്രണവിധേയമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയുണ്ടാകുമെന്നും എല്ലാ സുരക്ഷാ ഏജന്‍സികളും ഇക്കാര്യം ഉറപ്പാക്കണമെന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടത്തിയ പ്രസ്താവനയില്‍ അമിത് ഷാ പറഞ്ഞു. അതേസമയം, സംഭവത്തിന് ഉത്തരവാദികളായ സൈനികോദ്യോഗസ്ഥരെ കുറ്റവിചാരണ ചെയ്യാന്‍ അനുമതി നല്‍കുമോ എന്നു വ്യക്തമാക്കാന്‍ അമിത് ഷാ തയാറായില്ല. തീവ്രവാദികളുടെ നീക്കമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു മോണില്‍ സൈനിക സംഘമെത്തിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനം നിര്‍ത്താന്‍ നിര്‍ദേശിച്ചെങ്കിലും ഓടിച്ചുപോകാന്‍ തുനിഞ്ഞതാണ് വെടിവയ്പില്‍ കലാശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നാഗാലാന്‍ഡില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന നിയമം (ആംഡ് ഫോഴ്സസ് സ്പെഷ്യ പവേഴ്സ് ആക്ട് – അഫ്സ്പ) പ്രാബല്യത്തിലുണ്ട്. ഈ നിയമം എടുത്തുകളയണമെന്നു പ്രതിപക്ഷ കക്ഷികള്‍ കൂട്ടത്തോടെ ആവശ്യപ്പെട്ടിട്ടും അമിത് ഷാ വഴങ്ങിയില്ല. അതോടെ കോണ്‍ഗ്രസ്, ഡി.എം.കെ, എസ്.പി, ബി.എസ്.പി, എന്‍.സി.പി. അംഗങ്ങള്‍ ലോക്സഭയില്‍നിന്നു വാക്കൗട്ട് നടത്തി.നാഗാലാന്‍ഡ്, മേഘാലയ മുഖ്യമന്ത്രിമാര്‍ അഫ്സ്പ പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ എന്‍.ഡി.പി.പിയുടെ നേതാവും നാഗാലാന്‍ഡ് മുഖ്യമന്ത്രിയുമായ നെയ്ഫ്യു റിയോയും ഈ ആവശ്യമുന്നയിച്ചു. ഈ നിയമം രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തുന്നതാണെന്നു റിയോ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാവിലെ കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളുമായി കൂടിയാലോചന നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *