ഐ എസ് ഒ പദവി ലഭിച്ച ജില്ലയിലെ ആദ്യ പൊലീസ് സ്റ്റേഷന്
ഇടുക്കി: ഐ എസ് ഒ പദവി ലഭിച്ച മുട്ടം പൊലീസ് സ്റ്റേഷന് ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റ് കൈമാറി. സ്റ്റേഷന് കോമ്പൗണ്ടില്‍ ചേര്‍ന്ന യോഗത്തില്‍ എറണാകുളം ഡി ഐ ജി നീരജ് കുമാര്‍ ഗുപ്തയാണ് ഐ എസ് ഒ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ഐ എസ് ഒ പദവി ലഭിച്ച ജില്ലയിലെ ആദ്യ പൊലീസ് സ്റ്റേഷന് എന്ന പദവിയും ഇതോടെ മുട്ടം സ്റ്റേഷന് ലഭിച്ചു.
സ്റ്റേഷനില്‍ നിന്നും പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഏറ്റവും മികച്ച സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഐ.എസ്.ഒ. പദവിയുടെ ഗ്രേഡിലേക്ക് ഉയര്‍ന്നത്.
ഇതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളും പരിഷ്കാരങ്ങളുമാണ് സ്റ്റേഷനില്‍ നടപ്പാക്കിയത്. ഫലപ്രദമായ രീതിയില്‍ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കുറ്റാന്വേഷണവും നടത്തി ക്രമസമാധാന പാലനം നടത്തുന്നതിലൂടെ പൊതുജന സമാധാനം ഉറപ്പുവരുത്തലാണ് ഇതില്‍ ഏറ്റവും പ്രധാനം. മികച്ച സേവനം നല്‍കുന്നതിനായി നിരവധി സൗകര്യങ്ങളും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്. സേനാംഗങ്ങള്‍ക്കായി ഏറ്റവും പുതിയ ആയുധങ്ങള്‍, പോലീസുകാര്‍ക്കും സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കുമായി ഒരുക്കിയിട്ടുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പൊതുജന സൗഹൃദ അന്തരീക്ഷം, പോലീസ് സ്റ്റേഷനിലും കോമ്പൗണ്ടിലും നടപ്പാക്കിയിട്ടുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ സംവിധാനം, അത്യാകര്‍ഷകവും പൊതുജന സൗഹൃദപരമായ സ്റ്റേഷന് പരിസരം, സ്റ്റേഷനില്‍ ക്രമീകരിച്ചിട്ടുള്ള വിവിധ സുരക്ഷാ ഉപകരണങ്ങള്‍, മികച്ച ശുചീകരണ സംവിധാനങ്ങള്‍, സ്റ്റേഷനിലെ വിവിധ റെക്കോര്‍ഡുകളുടെ ഉചിതവും അനുകരണീയ രീതിയിലുമുള്ള സംരക്ഷണം, പൊതുജനങ്ങളുടെ പരാതികള്‍ക്ക് ഏറ്റവും നല്ല രീതിയിലും കാലതാമസം കൂടാതെയും ഉള്ള പരിഹാരം, സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനുള്ള സൗകര്യം, വിശാലമായ പാര്‍ക്കിംഗ് ഏരിയ, വായനാ സൗകര്യം, ആഴ്ചതോറും സ്കൂള്‍ – കോളേജുകള്‍ എന്നിവിടങ്ങളില്‍ നടത്തുന്ന വിദ്യാര്‍ഥികളും പോലീസും തമ്മിലുള്ള ആശയ വിനിമയം, മുട്ടം ടൗണിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതി ജംഗ്ഷന് മുതലായ സ്ഥലങ്ങളിലുള്ള പോലീസിന്റെ സാന്നിധ്യം, ട്രാഫിക് നിയന്ത്രണം, കുട്ടികള്‍ക്കായി സ്റ്റേഷന് കോമ്പൗണ്ടില്‍ സ്ഥാപിച്ചിട്ടുള്ള കളിസ്ഥലം, പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നടപ്പാക്കിയിരിക്കുന്ന റിഫ്രഷ്മെന്റ് ഏരിയ, സ്റ്റേഷന് കോമ്പൗണ്ടിലെ ഔഷധ സസ്യങ്ങളുടെ തോട്ടം, കളര്‍ കോഡ് പ്രകാരം ക്രമീകരിച്ചിട്ടുള്ള ഫയല്‍ റൂം, സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തൊണ്ടിമുതലുകളിലും വാഹനങ്ങളിലും ക്യു.ആര് കോഡ് പതിപ്പിച്ച് ക്രമീകരിക്കല്‍, ടാക്സി ഡ്രൈവേഴ്സിനും മറ്റും ബോധവല്‍ക്കരണ ക്ലാസുകള്‍, നിരന്തര ഗൃഹസന്ദര്‍ശനം നടത്തുന്ന ജനമൈത്രി പോലീസ് സംവിധാനം, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ഷാര്‍പ്പ് പദ്ധതിയില്‍പ്പെടുത്തി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജീവിതശൈലി രോഗങ്ങളെകുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും ആരോഗ്യ പരിശോധനയും എന്നിങ്ങനെ നിരവധി പരിഷ്കാരങ്ങളാണ് സ്റ്റേഷനില്‍ നടപ്പാക്കിയിരിക്കുന്നത്.
മുട്ടം സ്റ്റേഷന് കോമ്പൗണ്ടില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് കൈമാറല്‍ ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പസ്വാമി, തൊടുപുഴ ഡിവൈ.എസ്.പി കെ.സദന്, എസ്എച്ച് ഒ വി.ശിവകുമാര്‍, ഐ.എസ്.ഒ പ്രതിനിധി ശ്രീകുമാര്‍, മുട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്, എസ്ഐ പി.കെ ഷാജഹാന്, ഗ്രാമ പഞ്ചായത്തംഗം അരുണ്‍ ചെറിയാന്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി കെ ബൈജു, കെ പി എ ജില്ലാ സെക്രട്ടറി മനോജ് കുമാര്‍, മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് പി എസ് രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
