ന്യൂഡല്‍ഹി: ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടന്‍ പുറത്ത് വരുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 31 നാണ് കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്നത്. പരിസ്ഥിതി ദുര്‍ബലമേഖലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജനവാസമേഖലയെ പരിസ്ഥിതി ദുര്‍ബല മേഖലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കും. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍ കേരളം ഇളവ് ആവശ്യപ്പെട്ടിരുന്നു. 1,337.24 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കണം എന്നാവശ്യപ്പെട്ടതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ഇളവുകളുള്ള മേഖലയായി അംഗീകരിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കി. എന്നാല്‍ എന്ത് ഇളവാണെന്നത് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
