മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിക്കു ജയം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ഒഡീഷയെയാണു ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്. ജര്‍മന്‍പ്രീത് സിങ്, മിര്‍ലെന്‍ മുര്‍സയേവ് എന്നിവര്‍ വിജയികള്‍ക്കായി വലകുലുക്കി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ ഹാവിയര്‍ ഹെര്‍ണാണ്ടസിലൂടെ ഒഡീഷ പരാജയഭാരം കുറച്ചു. ജയത്തോടെ ആറു കളിയില്‍ 11 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താനും ചെന്നൈയിനായി.
ആദ്യപകുതിയുടെ 23-ാം മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തി. ഒഡീഷ പ്രതിരോധഭടന്‍മാര്‍ പന്ത് ക്ലിയർ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ഗോളിനു വഴിവച്ചത്. പെനാല്‍റ്റി ബോക്സില്‍ ഗോള്‍ഭീഷണി ഉയര്‍ത്തിയെത്തിയ പന്ത് ഗോളി കമല്‍ജിത്ത് സിങ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍ പന്ത് വന്നതു ജര്‍മന്‍പ്രീതിനു കാലുകളിലേക്ക്. പ്രതിരോധനിരയെ ഒന്നടങ്കം കബളിപ്പിച്ച് ജര്‍മന്‍പ്രീത് പന്ത് വലയിലേക്കു തിരിച്ചുവിട്ടു.
രണ്ടാം പകുതിയുടെ 63-ാം മിനിറ്റിലായിരുന്നു ചെന്നൈയിന്റെ വിജയമുറപ്പിച്ച ഗോള്‍. ലാലിയന്‍ സുവാല ചാങ്തെയുടെ പാസില്‍ മുര്‍സയേവിന്റെ ലോങ്റേഞ്ചറാണ് വിജയികളുടെ പട്ടിക തികച്ചത്. 85-ാം മിനിറ്റില്‍ ചെന്നൈയിനു ലഭിച്ച പെനാല്‍റ്റി പക്ഷേ, ലൂക്കാസ് ഗികീവിക്സിനു മുതലാക്കിയില്ല. ഇന്‍ജുറി സമയത്തിന്റെ ആറാം മിനിറ്റില്‍ ജാവി ഹെര്‍ണാണ്ടസിലൂടെ ഒഡീഷ ഒരു ഗോള്‍ മടക്കി.
