റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പുരോഗികളുടെ ജീവൻ രക്ഷാ ഉപകരണം: സൗജന്യ വൈദ്യുതി വിതരണ പദ്ധതി കാര്യക്ഷമമാക്കും

December 22, 2021 - 11:06 pm

വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന വൈദ്യുതി പൂർണ്ണമായും സൗജന്യമായി നൽകുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.  പദ്ധതിയുടെ ഇളവുകൾ സംബന്ധിച്ച് ഫീൽഡ് ജീവനക്കാരുടെ ഇടയിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  ഇത് അടിയന്തിരമായി പരിഹരിക്കണം. കെ.എസ്.ഇ.ബി.എൽ ആസ്ഥാനത്ത് ഡിസ്ട്രിബ്യൂഷൻ വിഭാഗം ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കഴിഞ്ഞ സർക്കാരിന്റെ മികവുറ്റ പ്രവർത്തനങ്ങളുടെ പിൻതുടർച്ചയായി വൈദ്യുതി വകുപ്പ് ഒട്ടനവധി കർമ്മ പദ്ധതികൾ നടപ്പാക്കി വരികയാണ്.  സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിതരണ മേഖലയിൽ 429.09 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി.  ആഭ്യന്തര വൈദ്യുതി ഉത്പാദന ശേഷിയിൽ 65 മെഗാവാട്ട് വർദ്ധനവ് ഉണ്ടായിട്ടുണ്ട്.  ആദിവാസി കോളനികളുടെയും അംഗനവാടികളുടെയും വൈദ്യുതീകരണം പുരോഗമിക്കുന്നു. വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാനായി കഴിഞ്ഞ ആറു മാസത്തിനകം 13,242 കി.മി. പഴയ കണ്ടക്ടർ മാറ്റി സ്ഥാപിച്ചു.  സ്മാർട്ട് മീറ്ററിംഗ് ഉൾപ്പെടെ പതിനായിരം കോടി രൂപയുടെ നിക്ഷേപ സാധ്യതയുള്ള ആർ.ഡി.എസ്.എസ് പദ്ധതിയുടെ രൂപരേഖ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രളയ കാലത്തുണ്ടായ നാശനഷ്ടങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് അഹോരാത്രം പ്രയത്‌നിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.

യോഗത്തിൽ കെ.എസ്.ഇ.ബി.എൽ. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  ബി. അശോക്, ഡയറക്ടർമാരായ സുകു ആർ, മിനി ജോർജ്ജ്, സിജി ജോസ്, രാധാകൃഷ്ണൻ വി, രാജൻ ജോസഫ്, രാജ്കുമാർ എസ് എന്നിവർ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *