റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷേർളി മടങ്ങി, ‘കനവ് ‘ തനിച്ചായി

December 23, 2021 - 11:50 am

നടവയൽ : കാടിനെയും മനുഷ്യരെയും സ്നേഹിച്ച കൊച്ചു പൂവത്തിങ്കൽ ഷെർളിയുടെ അപ്രതീക്ഷിത വിയോഗം നടവയലിന്‌ ‌ദുഃഖമായി. 22/12/21 ബുധനാഴ്‌ച ഉച്ചയ്‌ക്കാണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്.

തങ്ങളുടെ സ്വന്തം ഷെർളി അമ്മ ഇനി ഉണ്ടാകില്ലെന്ന വേദനയിൽ കനവ്‌ മക്കൾ വിങ്ങിപ്പൊട്ടി. ബുധനാഴ്‌ച ഏറെ വൈകിട്ടും മൃതദേഹം അവസാനമായി ഒരു നോക്ക്‌ കാണാൻ സമീപത്തെ കോളനികളിൽനിന്ന്‌ ആദിവാസികൾ ഒഴുകിയെത്തിയത്‌ അവരുടെ മനസ്സിൽ ഷെർളിക്കുള്ള സ്ഥാനത്തിന്‌ തെളിവായി.

സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ പിറന്ന ഷെർലി എല്ലാം ത്യജിച്ചാണ്‌ എഴുത്തുകാരനും നാടകകലാകാരനും തീവ്ര ഇടതുപക്ഷ രാഷ്‌ട്രീയ പ്രവർത്തകനുമായ കെ ജെ ബേബിക്കൊപ്പം ഇറങ്ങിത്തിരിച്ചത്‌. പിന്നീട്‌ ആദിവാസി കുട്ടികൾക്കുവേണ്ടി ഇരുവരും ചേർന്ന്‌ സ്ഥാപിച്ച ‘കനവ്‌ ബദൽ വിദ്യാ ഗുരുകുലം’ ആദിവാസികളെക്കുറിച്ചുള്ള പരമ്പരാഗത ധാരണ പൊളിച്ചെഴുതി.

പുൽപ്പള്ളി പഴശിരാജ കോളേജ്‌ അധ്യാപികയായിരുന്ന ഷെർളി ‌ ശമ്പളമില്ലാതെ അവധിയെടുത്തായിരുന്നു കനവിലെ കുട്ടികൾക്ക്‌ അധ്യാപികയും അമ്മയും സഹോദരിയുമായത്. ആദിവാസി കുട്ടികളുടെ കലാപരമായ സർഗശേഷി കണ്ടെത്തിയും പാട്ട്‌ പാടിയും കഥ പറഞ്ഞും അവരുടെ ഭാഷയിൽ വിദ്യ പകർന്ന്‌ നൽകിയും അവരെ സമൂഹത്തിൽ മുൻനിരയിലെത്തിച്ചു.

സ്വന്തം മക്കളെയും സ്‌കൂളിൽ വിടാതെ കനവിലാണ്‌ പഠിപ്പിച്ചത്‌. ഓരോരുത്തരുടെയും കഴിവ്‌ അനുസരിച്ച്‌ അവരുടെ കലാസാഹിത്യ സർഗശേഷി പ്രോത്സാഹിപ്പിച്ചു.

ലോകം അറിഞ്ഞ സിനിമാ സംവിധായിക കനവ്‌ ലീല ഉൾപ്പെടെയുള്ള പ്രതിഭകൾ കനവിന്റെ സംഭാവനയാണ്‌. ഒടുവിൽ കനവ്‌ അവിടുത്തെ അന്തേവാസികൾക്ക്‌ വിട്ട്‌ നൽകുംവരെ അവിടുത്തെ ശ്വാസമായി പ്രവർത്തിച്ചു. കനവിന്‌ സമീപത്തുള്ള സ്വന്തം വീട്ടിൽ താമസിച്ച ഷെർളി കൂടുതൽ സമയം ചെലവിട്ടതും ആദിവാസികൾക്കൊപ്പമാണ്‌. അവർക്കൊപ്പം പതിവായി ടൗണിലെത്തുന്ന ഷെർളിയെ നാട്ടുകാരും ബഹുമാനിച്ചു.

നടവയലിലെ കലാ സാംസ്കാരിക രംഗത്തും സജീവമായിരുന്നു. പുൽപ്പള്ളി പഴശിരാജാ കോളേജിൽ ദീർഘകാലം ഇംഗ്ലീഷ് അധ്യാപികയായിരുന്ന ഷെർളി വിദ്യാർഥികൾക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *