റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒമിക്രോൺ പടരുന്നു : ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

December 24, 2021 - 8:36 am

തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണെന്നും മന്ത്രി വ്യക്തമാക്കി.

രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ ദുബായ് 2, കോംഗോ 1, ട്യുണീഷ്യ 1, നൈജീരിയ 4, കെനിയ 1, അൽബാനിയ 1 എന്നിവിടങ്ങളിൽ നിന്നും എത്തിയതാണവർ. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. എറണാകുളം 15, തിരുവനന്തപുരം 10, തൃശൂർ 1, മലപ്പുറം 1, കോഴിക്കോട് 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ജില്ല തിരിച്ച് ഒമിക്രോൺ കേസുകൾ. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിക്ക് വിദേശത്ത് നിന്നും വരുന്നവർ ഉൾപ്പെടെ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് ഒമിക്രോൺ. അതിനാൽ തന്നെ ആൾക്കൂട്ടം പരമാവധി ഒഴിവാക്കുക. പ്രായമായവർ, കുട്ടികൾ, രോഗബാധിതർ എന്നിവർ ഏറെ ശ്രദ്ധിക്കണം. ഒമിക്രോൺ പ്രതിരോധത്തിൽ വളരെ പ്രധാനമാണ് മാസ്‌കുകളെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. അതിനാൽ തന്നെ പൊതുസ്ഥലങ്ങളിലോ പൊതു ചടങ്ങിലോ പങ്കെടുക്കുമ്പോൾ എൻ 95 മാസ്‌ക് ഉപയോഗിക്കുക. ഒരു കാരണവശാലും മാസ്‌ക് മാറ്റി സംസാരിക്കയോ ഗ്രൂപ്പ് ഫോട്ടോയെടുക്കുകയോ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ അകലം പാലിച്ചിരുന്ന് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതിനിടെ ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകി. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ്, വാക്സീനേഷൻ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന ഒമിക്രോൺ കേസുകൾ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികൾ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം നിർദ്ദേശിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *