കൊൽക്കത്ത: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ആലോചനയുമായി മമതാ സർക്കാർ. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളുടെയും ചാൻസലർസ്ഥാനത്തേക്ക് മുഖ്യമന്ത്രി മമതാ ബാനർജിയെ നാമനിർദേശം ചെയ്യുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസു പറഞ്ഞു.
നിലവിലെ ഗവർണറും സംസ്ഥാന ഗവർണറുമായ ജഗ്ദീപ് ധൻഖറുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ നീക്കത്തിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സർക്കാരും ഗവർണറുമായി യാതൊരു സഹകരണവുമില്ലെന്നും ഉള്ളത് ശത്രുത മാത്രമാണെന്നും ബസു കൂട്ടിച്ചേർത്തു. മാറ്റത്തിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളെ കുറിച്ച് സർക്കാർ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി സൂചിപ്പിച്ചു.
