ബെയ്ജിങ്: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങളുമായി രാജ്യങ്ങള്‍. തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറില്‍ 1.44 ദശലക്ഷം പേര്‍ പുതുതായി രോഗബാധിതരായി. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഭേദിക്കുന്നതാണ് ഈ കണക്കുകളെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. 21 മാസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സിയാന്‍ നഗരത്തില്‍ ലക്ഷക്കണക്കിനു പേര്‍ ഹോം ക്വാറെന്റെനിലാണ്. ഇവിടെ ഒരു കുടുംബത്തിലെ ഒരാള്‍ക്കു മാത്രമാണ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ നിയന്ത്രണങ്ങളോടെ അനുവാദമുള്ളൂ. വുവാനില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും വലിയ നിയന്ത്രണങ്ങളാണ് സിയാനില്‍ െചെന ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, സ്വീഡന്‍, ഫിന്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്കു കടക്കുകയാണ്. പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രോഗബാധിതരുടെ എണ്ണം പെരുകാനുള്ള സാഹചര്യം മുന്‍കൂട്ടിക്കണ്ടാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
