ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളിലും മറ്റ് നഗരങ്ങളിലും ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോകേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ കേസുകളും വേഗത്തില്‍ വര്‍ധിക്കുന്നുണ്ട്. ഈ സ്ഥിതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ പ്രശ്നങ്ങള്‍ സങ്കീര്‍ണമായേക്കുമെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ഐശ്വര്‍ ഗിലാഡ പറയുന്നത്. ജനുവരി പതിനഞ്ചോടെ പ്രതിദിന രോഗബാധ 6 ലക്ഷത്തിലേക്ക് കടക്കുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ലോക്ക് ഡൗണ്‍ സാധ്യതയും തള്ളാനാവില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴ് മാസത്തിനുശേഷമാണ് ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ 1000ത്തിലെത്തിയത്. വ്യാഴാഴ്ച അത് 1,313 ആയി. ബുധനാഴ്ചയേക്കാള്‍ 42 ശതമാനത്തിന്റെ വര്‍ധനയാണ് റിപോര്‍ട്ട് ചെയ്തത്. മരണനിരക്ക് അധികം റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമായി. ബുധനാഴ്ച 923 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയെ അപേക്ഷിച്ച് 86 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. മെയ് 26ന് ഡല്‍ഹിയില്‍ 1,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനവും രേഖപ്പെടുത്തി. അന്ന് 130 പേര്‍ മരിക്കുകയും ചെയ്തു.
