റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസ്: ഹൈക്കോടതിയിലും വിചാരണ കോടതിയിലും പ്രോസിക്യൂഷന് തിരിച്ചടി

February 2, 2022 - 8:02 am

ആലുവ:നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകൾ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവ ഫോറൻസിക് പരിശോധനയ്ക്ക് അന്വേഷണ സംഘത്തിന് കൈമാറണമോ എന്ന കാര്യത്തിൽ മജിസ്ട്രേറ്റ് തീരുമാനം എടുക്കും. ഹൈക്കോടതിയിലും വിചാരണക്കോടതിയിലും ഇരട്ടതിരിച്ചടികളാണ് ഇന്ന് പ്രോസിക്യൂഷൻ നേരിട്ടത്. പ്രതികളെ കസ്റ്റഡിയിൽ വേണം, മൊബൈൽ ഫോണുകൾ പരിശോധനയ്ക്കായി കൈമാറണം എന്നിവയായിരുന്നു ഹൈക്കോടതിയിൽ ദിവസങ്ങളായുള്ള പ്രോസിക്യൂഷന്റെ പ്രധാന ആവശ്യങ്ങൾ.

എന്നാൽ ഇതിലൊന്നും തീരുമാനം എടുക്കാതെയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്. പ്രതികൾ എന്തുകൊണ്ട് മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്നായിരുന്നു ഇന്ന് പ്രോസിക്യൂഷന്റെ പ്രധാന വാദങ്ങൾ. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. പന്ത്രണ്ടായിരം കോളുകൾ ചെയ്ത ഫോണിനെക്കുറിച്ച് പോലും അറിയില്ലെന്നാണ് പറയുന്നത്. 2021 ഓഗസ്റ്റ് 31 വരെ ഈ ഫോൺ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ ഹാജാരാക്കിയ ഫോണുകൾ പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭിക്കും. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നും ഡിജിപി വാദിച്ചു.

ഫോണുകൾ പ്രോസിക്യൂഷന് കൈമാറാമെന്ന് ആദ്യഘട്ടത്തിൽ ജഡ്ജി പറയുകയും ചെയ്തു. ഉദ്യോഗസ്ഥർക്ക് ഈ ഫോണുകൾ രജിസ്ട്രിയിൽ പരിശോധിക്കാൻ സമയം നൽകി വാദം മാറ്റിവെക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിച്ചപ്പോൾ പ്രതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി തന്നോട് ചിലർ അഭിപ്രായപ്പെട്ടതായി ജഡ്ജി പറഞ്ഞു. ഇത് പ്രോത്സാഹിപ്പിക്കാനാവില്ല. അങ്ങനെ വന്നാൽ നാളെ മറ്റു കേസുകളിലെ പ്രതികളും ഇതേ പരിഗണന ആവശ്യപ്പെട്ട് കോടതിയിലെത്തുമെന്ന് ജഡ്ജി ചുണ്ടിക്കാട്ടി.

തുടർന്ന് ഫോണുകൾ ഡിജിപിയെ ഏൽപ്പിക്കുകയാണെന്ന് ജഡ്ജി അറിയിച്ചു. എന്നാൽ ഇതിനെ ദിലീപ് എതിർത്തു. പ്രോസിക്യൂഷന് കൈമാറുന്നതിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നായിരുന്നു വാദം. എങ്കിൽ കേസ് രജിസ്റ്റർ ചെയ്ത ആലുവ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറാമെന്ന് കോടതി നിർദ്ദേശിച്ചു. തുടർന്ന് രജിസ്ട്രാർ ജനറലിനോട് ഇന്ന് തന്നെ ഫോണുകൾ ആലുവ കോടതിയിലെത്തിക്കാൻ ഉത്തരവിട്ടു. ഫോണുകൾ പ്രതിഭാഗത്തിന് പരിശോധനക്ക് നൽകണമോ എന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി കേസ് മറ്റന്നാളത്തേക്ക് മാറ്റുകയും ചെയ്തു.

ഇതിനിടെ വിചാരണക്കോടതിയിലും പ്രോസിക്യൂഷന് വൻ തിരിച്ചടി നേരിട്ടു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ആറുമാസം സമയം അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം വിചാരണക്കോടതി തളളി. ഒരു മാസം കൂടിയേ സമയം അനുവദിക്കു എന്നും 2022 മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

നിലവിൽ 2022 ഫെബ്രുവരി 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാൽ വീചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനിടെ കൊച്ചി എംജി റോഡിലെ മേത്തർ അപ്പാർട്ട്മെന്റിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഈ ഫ്ലാറ്റിൽ വെച്ചും ഗുഡാലോചന നടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *