ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനുള്ള ഏക തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുതെന്നു സുപ്രീം കോടതി. വാക്സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധിത മുന്‍കൂര്‍ വ്യവസ്ഥയല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരുടെ ബെഞ്ച് ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. വാക്സിനേഷനായി ചില കേന്ദ്രങ്ങള്‍ ആധാര്‍ കാര്‍ഡ് വേണമെന്നു നിര്‍ബന്ധിക്കുന്നുവെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പൊതുതാല്‍പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചു. കോ-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും ഒമ്പത് രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കാമെന്നും അത് പ്രത്യേകം രേഖപ്പെടുത്തുന്നു.പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ആധാര്‍ ഹാജരാക്കുന്നത് നിര്‍ബന്ധമല്ല. ബന്ധപ്പെട്ട എല്ലാ അധികാരികളും ആരോഗ്യ മന്ത്രാലയത്തിന്റെ നയത്തിന് അനുസൃതമായി പ്രവര്‍ത്തിക്കും -പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. ആധാര്‍ മാത്രമല്ല മുന്‍കൂര്‍ വ്യവസ്ഥയെന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത 87 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അമന്‍ ശര്‍മ അറിയിച്ചു.
