റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂർ: 100 പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ ലക്ഷ്യം; തൈ വിതരണം ഉദ്ഘാടനം ചെയ്തു

February 9, 2022 - 5:00 pm

കണ്ണൂർ: 100 പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ’ പദ്ധതിയുടെ തൈ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിച്ചു. കുടുംബശ്രീയുടെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതി പ്രകാരം ജില്ലയിലെ തെരഞ്ഞെടുത്ത 13 പഞ്ചായത്തുകളിലെ 100 ജെ എൽ ജി ഗ്രൂപ്പുകൾക്കാണ് പാഷൻ ഫ്രൂട്ട് തൈകൾ വിതരണം ചെയ്യുന്നത്. ‘പാഷൻ ഫ്രൂട്ട് ഗ്രാമങ്ങൾ’ പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ഇതിന്റെ തുടക്കമാണ് തൈ കൈമാറ്റമെന്നും ഇതിലൂടെ ഒരുപാട് തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ മുണ്ടേരി പഞ്ചായത്തിലെ കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പ് പ്രസിഡന്റ് മോഹിനിക്ക് പാഷൻ ഫ്രൂട്ട് തൈ കൈമാറി. 

ഓരോ ജെ എൽ ജി യൂണിറ്റും 10 സെന്റിലാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുക. ജില്ലയിൽ 10 ഏക്കറിൽ കൃഷി ചെയ്യാനുള്ള തൈകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പാഷൻ ഫ്രൂട്ടിൽ നിന്നും മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി  വരുമാനം കണ്ടെത്തുകയും  കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം. പാഷൻ ഫ്രൂട്ടിന്റെ പോഷകസമൃദ്ധിയും ഗുണവും സംബന്ധിച്ച ബോധവത്കരണവും പദ്ധതിയുടെ ഭാഗമാണ്. അടുത്ത വർഷം ആകുമ്പോഴേക്കും കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ലസ്റ്റർ തലത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റുകൾ തുടങ്ങി പാഷൻ ഫ്രൂട്ട് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും. വിളവെടുപ്പ് സമയമാകുമ്പോഴേക്കും 13 പഞ്ചായത്തുകൾക്കുമായി നാല് മൂല്യവർധിത യൂണിറ്റുകളെങ്കിലും തുടങ്ങും. തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് കൃഷിക്കുവേണ്ട സ്ഥലം ഒരുക്കുന്നത്. മറ്റു പഞ്ചായത്തുകളിലേക്കുള്ള പാഷൻ ഫ്രൂട്ട് തൈകൾ അതത് കൃഷി ഓഫീസുകളിലേക്ക് ഇതിനോടകം നൽകി. ഗ്രൂപ്പുകൾക്ക് തൈകൾ സൗജന്യമായും ഉൽപ്പാദനോപാദികൾ സബ്‌സിഡി നിരക്കിലുമാണ് അനുവദിക്കുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം പി അനൂപ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ അജിത, ജില്ലാ പ്രോഗ്രാം മാനേജർ രമ്യ ഹരിദാസ്, സ്റ്റാൻഡിഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ അഡ്വ പി സരള, കെ കെ രത്‌നകുമാരി, കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *