റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്നറിയിപ്പില്ലാതെ മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചു

February 21, 2022 - 7:45 pm

*സ്ട്രോക്ക് സെന്റർ എത്രയും വേഗം പ്രവർത്തിപ്പിക്കും
*കമ്പ്യൂട്ടർ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പില്ലാതെ തിരുവനന്തപുരം ജനറൽ ആശുപത്രി സന്ദർശിച്ചു. അടഞ്ഞുകിടക്കുന്ന സ്ട്രോക്ക് യൂണിറ്റ് എത്രയും വേഗം പ്രവർത്തനസജ്ജമാക്കാനും സ്ട്രോക്ക് ചികിത്സയ്ക്ക് ആശുപത്രിയിലെത്തുന്നവർക്ക് പരിചരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അത്യാഹിത വിഭാഗം, വെയിറ്റിംഗ് ഏരിയ, ഫാർമസി, കോവിഡ് വാർഡ്, ഓപ്പറേഷൻ തീയറ്റർ കോംപ്ലക്സ്, വിവിധ ഐസിയുകൾ, കാത്ത് ലാബ് എന്നിവ മന്ത്രി സന്ദർശിച്ചു. രോഗികളുമായും ജീവനക്കാരുമായും മന്ത്രി ആശയവിനിമയം നടത്തി.

ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന അപ്പക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ, വിവിധ മാനിക്വിനുകൾ ഉപയോഗിച്ച് നടത്തുന്ന അത്യാധുനിക ക്ലാസുകൾ എന്നിവ മന്ത്രി നേരിട്ട് വിലയിരുത്തി. ജനറൽ ആശുപത്രിയിൽ എത്തുന്നവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കണം. ഒപിയിൽ തിരക്ക് ഒഴിവാക്കുന്നതിന് ഒപി കൗണ്ടറുകളും ചില ഒപി പരിശോധനാ മുറികളും രോഗികൾക്ക് സൗകര്യപ്രദമായവിധം പുനക്രമീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ജനറൽ ആശുപത്രിയിലെ ഒരു കൗണ്ടർ മാത്രമേ പ്രവർത്തിക്കാറുള്ളൂവെന്ന് ക്യൂവിൽ നിന്ന ഒരാൾ പരാതി പറഞ്ഞു. ഉടൻ തന്നെ മന്ത്രി കൗണ്ടറിൽ കയറി കാര്യമന്വേഷിച്ചു. കമ്പ്യൂട്ടർ കേടായെന്നും 11 മാസമായി പ്രവർത്തിക്കുന്നില്ലെന്നുമാണ് അവിടെയുണ്ടായിരുന്ന ജീവനക്കാരി അറിയിച്ചത്. ആശുപത്രി സൂപ്രണ്ടിനെ വിളിച്ചുവരുത്തി പരിശോധിച്ചതോടെ കമ്പ്യൂട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി, ഇതോടെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാനും എത്രയും വേഗം കൗണ്ടർ പുന:സ്ഥാപിക്കാനും മന്ത്രി നിർദേശം നൽകി. സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തിട്ടും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു. തടസങ്ങൾ നീക്കി അവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാനും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ് ഡയറക്ടർ വി.ആർ. രാജു മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *