റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈന്‍ യുദ്ധം: യൂറോപ്പിലെ എണ്ണ വിപണിയില്‍ പരിഭ്രാന്തി പരത്തി റഷ്യയുടെ സമ്മര്‍ദ്ദ തന്ത്രം

March 9, 2022 - 8:03 pm

മോസ്‌കോ/കീവ്: റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയാല്‍ യൂറോപ്പിലേക്കുള്ള വാതക പൈപ്പ് ലൈന്‍ അടയ്ക്കുമെന്നു പ്രസിഡന്റ് പുടിന്‍. ഇതോടെ കൊടുംതണുപ്പിന്റെ പിടിയിലേക്കു നീങ്ങുന്ന യൂറോപ്പിനുമേല്‍ റഷ്യന്‍ സമ്മര്‍ദം കനത്തു. യൂറോപ്പിലേക്കുള്ള പ്രകൃതിവാതകത്തിന്റെ പകുതിയും റഷ്യയില്‍നിന്നാണ്. ബഹിഷ്‌കരണമുണ്ടായാല്‍ എണ്ണവില ബാരലിന് 300 ഡോളറിലേറെ ഉയരുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. തൊട്ടുപിന്നാലെ, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുമെന്നു യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. എണ്ണവില കുത്തനെ ഉയരാതെ പിടിച്ചുനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്നും ബൈഡന്‍ പറഞ്ഞു. ഊര്‍ജാവശ്യങ്ങള്‍ക്കു പാശ്ചാത്യരാജ്യങ്ങള്‍ പ്രധാനമായും റഷ്യയെ ആശ്രയിക്കുന്നതിനാല്‍ യുക്രൈന്‍ യുദ്ധം ആഗോളവിപണിയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാനായി ഉത്തരസമുദ്രത്തിലെ എണ്ണയുത്പാദനം വര്‍ധിപ്പിക്കാന്‍ ബ്രിട്ടനുമേലും വാതകമേഖല തുറന്നുകൊടുക്കാന്‍ ജര്‍മനിക്കുമേലും വന്‍ രാജ്യാന്തര സമ്മര്‍ദമുണ്ട്.

ആണവ, കല്‍ക്കരി നിലയങ്ങളിലെ ഊര്‍ജോത്പാദനം ഹ്രസ്വകാലത്തേക്കെങ്കിലും വര്‍ധിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും നിര്‍ബന്ധിതരാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനമുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നിലവില്‍ ഈ രണ്ട് ഊര്‍ജമേഖലകളെ യൂറോപ്പ് പൊതുവേ ആശ്രയിക്കുന്നില്ല. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കയും സഖ്യരാജ്യങ്ങളും നിരോധനമേര്‍പ്പെടുത്തുമെന്നു യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പ്രഖ്യാപിച്ചതിനേത്തുടര്‍ന്നു രാജ്യാന്തര എണ്ണവില കഴിഞ്ഞ തിങ്കളാഴ്ച 2008-നുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. വാതകത്തിന്റെ മൊത്തവിലയില്‍ 70% വര്‍ധനയുണ്ടായി. റഷ്യയ്ക്കുമേലുള്ള പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധം നിഷ്പ്രഭമാക്കുന്ന തരത്തിലാണ് എണ്ണവില കുതിക്കുന്നത്.

എണ്ണവിലയിലുണ്ടാകുന്ന ഓരോ 10 ഡോളര്‍ വര്‍ധനയും റഷ്യന്‍ ഖജനാവിലേക്ക് 1.54 ലക്ഷം കോടി രൂപ അധികമായെത്തിക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. റഷ്യന്‍ എണ്ണ നിരസിക്കുന്നത് ആഗോളവിപണിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നു റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് ഔദ്യോഗിക ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എണ്ണവിലയില്‍ ബാരലിന് 300 ഡോളറിലേറെ എത്തുന്നതാകും ഫലം. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്കു പകരം സംവിധാനമൊരുക്കാന്‍ യൂറോപ്പിന് ഒരുവര്‍ഷത്തിലേറെ വേണ്ടിവരും. എന്താണുണ്ടാകാന്‍ പോകുന്നതെന്നു യൂറോപ്യന്‍ നേതാക്കള്‍ ജനങ്ങളോടു സത്യസന്ധമായി തുറന്നുപറയണം. റഷ്യയില്‍നിന്നുള്ള എണ്ണ ബഹിഷ്‌കരിക്കാനാണു നീക്കമെങ്കില്‍ അതു നേരിടാന്‍ തങ്ങള്‍ തയാറാണ്. യൂറോപ്യന്‍ യൂണിയന് എന്തു തിരിച്ചടി നല്‍കണമെന്നു തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്നും നൊവാക് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *