ദില്ലി: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹർജി. നിബാ നാസ് എന്ന വിദ്യാർത്ഥിനിയാണ് കോടതിയെ സമീപിച്ചത്. അനുഛേദം 21 ന്റെ ഭാഗമായി സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹർജിക്കാരി പറയുന്നു. 2022 ഫെബ്രുവരി 5-നാണ് മതാചാര വസ്ത്രങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിച്ച് സർക്കാർ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നു
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിലാണ് ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി 2022 മാർച്ച് 15ന് വിധി പറഞ്ഞത്. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നാണ് കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിച്ചത്. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരുന്നത്. വിവിധ സംഘടനകളും കേസിൽ കക്ഷി ചേർന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സർക്കാർ വാദം. പതിനൊന്ന് ദിവസം കേസിൽ വാദം കേട്ടിരുന്നു.
അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുർഗി, ഹാസ്സൻ, ദാവൻകരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2022 മാർച്ച് 15ന് അവധി നൽകിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമൊടുവിലാണ് ഹിജാബ് കേസിൽ കർണാടക ഹൈക്കോടതി 2022 മാർച്ച് 15ന് വിധി പറയുന്നത്. ഉഡുപ്പിയിലെ സർക്കാർ കോളേജിൽ തുടങ്ങിയ എതിർപ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്റെ പേരിൽ ഇരുന്നൂറ്റിയമ്പതോളം വിദ്യാർത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. കർണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സർക്കാരിന് ഉറച്ച നിലപാട് തുടരാം.
ഉഡുപ്പി പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുർഖയും മാറ്റിയ ശേഷമേ വിദ്യാർത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതർ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി കൂടുതൽ സംഘടനകൾ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സർക്കാർ കോളേജുകളിൽ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാൾ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാർത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘർഷങ്ങൾക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധർ ഉൾപ്പെട്ട പ്രത്യേക സമിതിക്ക് സർക്കാർ രൂപം നൽകി. എന്നാൽ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാർശ.
