രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ കരുത്തുകാട്ടി സംസ്ഥാന പോലീസ് കെ 9 സ്ക്വാഡിലെ ശ്വാന വീരന്മാർ. ഓടിച്ചാടിയും കർമ്മനിരതരായും ശ്വാനക്കൂട്ടം ജനക്കൂട്ടത്തിന്റെ കയ്യടികൾ ഏറ്റുവാങ്ങി.
പോലീസ് സേനയിൽ ഡോഗിനെ ഉപയോഗപ്പെടുത്തി ചെയ്യുന്ന അന്വേഷണരീതികളുടെ നേരിട്ടുള്ള ദൃശ്യാവിഷ്കാരം ജനങ്ങളിൽ ആവേശവും ആകാംക്ഷയും നിറച്ചു. ബെൽജിയൻ മെൽനോയ്‌സ്, ബീഗിൾ, ലാബ്രഡോർ ഇനങ്ങളിൽ പെടുന്ന എട്ട് ഡോഗുകളാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരോടൊപ്പം 25 പേരടങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്.
കേസ് അന്വേഷണം, ദുരന്ത സ്ഥലങ്ങളിലെ തിരച്ചിൽ, രക്ഷാപ്രവർത്തനം, കുറ്റകൃത്യങ്ങളെ നേരിടൽ, ലഹരി, സ്ഫോടക വസ്തുക്കൾ കണ്ടെത്തൽ, തുടങ്ങിയ കാര്യങ്ങളിലെ ശ്വാനന്മാരുടെ മികവ് തെളിയിക്കുന്നതായിരുന്നു പരിപാടി. ഡോഗ് സ്ക്വാഡിന്റെ പരിശീലന രീതികളും തീവലയങ്ങൾക്കുള്ളിലൂടെ ചാടിക്കടന്നുള്ള മാസ്മരിക പ്രകടനവും വേറിട്ട അനുഭവമായി.
സംസ്ഥാന മന്ത്രിസഭാ വാർഷികാഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന മേളയിൽ വരും ദിവസങ്ങളിലും ശ്വാനവീരന്മാരുടെ പ്രദർശനം ഉണ്ടാകും. എസ്.ഐമാരായ ഡി. ശശിധരൻ, സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡിന്റെ പ്രകടനം.
