മുംബൈ: മതസ്പര്‍ധയ്ക്ക് ഇടയാക്കുന്ന നീക്കത്തിന്റെ പേരില്‍ മഹാരാഷ്ട്ര നിയമസഭാംഗം രവി റാണ, പത്നിയും ലോക്സഭാംഗവുമായ നവനീത് റാണ എന്നിവര്‍ക്കെതിരേ മഹാരാഷ്ട്ര പോലീസ് രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീക്കു മുന്നിലിരുന്നു ഹനുമാന്‍ ചാലീസ ജപിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി തെരഞ്ഞെടുപ്പു ജയിച്ച ഇരുവരുടെയും പ്രഖ്യാപനം മുംെബെ നഗരത്തില്‍ സംഘര്‍ഷാന്തരീക്ഷത്തിന് ഇടയാക്കിയിരുന്നു.ഖാര്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഇവരെ അറസ്റ്റ് ചെയ്ത് ബാന്ദ്ര കോടതിയിലാണു ഹാജരാക്കിയത്. ഖാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച വേളയില്‍ ഇരുവരും മുഖ്യമന്ത്രിയടക്കമുള്ള ശിവസേനാ നേതാക്കന്മാര്‍ക്കെതിരേ പരാതി നല്‍കി. തങ്ങളെ വധിക്കാനായി ജനങ്ങളെ ഇളക്കിവിട്ടെന്നാണ് പരാതിയിലെ ആരോപണം. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.ഹനുമാന്‍ ജയന്തി ദിവസം മാതോശ്രീക്കു മുന്നില്‍ ഹനുമാന്‍ മന്ത്രം ജപിക്കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ തങ്ങള്‍ അതു ചെയ്യുമെന്നു റാണാ ദമ്പതികള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഹനുമാന്‍ ജയന്തി ദിനത്തില്‍ പരസ്യമായി ഹനുമാന്‍ ചാലീസ ചൊല്ലാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതോടെ ഇവര്‍ അതിനു തുനിഞ്ഞിറങ്ങുകയായിരുന്നു.
