അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കോട്ടയം: കുട്ടികളുടെ കോവിഡ് വാക്‌സിനേഷൻ; മേയ്‌ 10നും 12നും പ്രത്യേക ക്യാമ്പുകൾ

May 7, 2022 - 2:46 pm

കോട്ടയം: 12 വയസുമുതൽ 14 വയസുവരെ പ്രായമുള്ള കുട്ടികൾക്കായി മേയ്‌ 10, 12 തീയതികളിൽ പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിലെ വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.  

മാർച്ച് 16 നാണ് 12 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സംസ്ഥാനത്ത് കോവിഡിനെതിരേ വാക്‌സിനേഷൻ ആരംഭിച്ചത്.  എന്നാൽ പരീക്ഷാക്കാലമായതിനാൽ ഈ വിഭാഗത്തിലെ ഭൂരിഭാഗം കുട്ടികളും ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് ജില്ലയിൽ ഇവർക്കായി മെയ് 10, 12 തീയതികളിൽ എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേക വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  

അവസരം പ്രയോജനപ്പെടുത്തി വാക്‌സിൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്‌സിൻഷൻ നൽകാൻ   രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. 28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ മധ്യവേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാം ഡോസ് വാക്‌സിനേഷൻ കൂടി പൂർത്തിയാക്കാനും ഇതു സഹായിക്കും.

കോവിഡ് മഹാമാരി ഏറ്റവും അധികം ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠന പ്രക്രിയയെയുമാണ്. ഒന്നര വർഷത്തിലധികം കുട്ടികൾക്ക് മഹാമാരിമൂലം സ്‌കൂളിലെത്താൻ സാധിച്ചില്ല.  ജനുവരി മുതൽ 15 മുതൽ 17 വയസുവരെയുള്ളവർക്കു വാക്‌സിനേഷൻ ആരംഭിക്കുകയും മുഴുവൻ കുട്ടികളും ഒരുഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്തിരുന്നു.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, അസിസ്റ്റന്റ് എ.ഇ.ഓ.മാർ, സി.ബി.എസ്.ഇ. സ്‌കൂൾ പ്രതിനിധി, സഹോദയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *