റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത പോസ്റ്റുമോർട്ടം ചെയ്ത് വീണ്ടും ഖബറടക്കി

May 8, 2022 - 8:22 am

കോഴിക്കോട്: ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത് വീണ്ടും ഖബറടക്കി. സബ് കളക്ടർ അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽനിന്ന് 2022 മെയ് 7 ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന് കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ ഖബറടക്കുകയായിരുന്നു.

2022 മാർച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിഫയുടെ മരണത്തിൽ തുടക്കം മുതലേ ദുരൂഹതകൾ നിലനിന്നിരുന്നു. ഭർത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായിൽനിന്ന് നാട്ടിലെത്തിച്ചപ്പോൾ അവിടെവെച്ച് പോസ്റ്റ്മോർട്ടം നടത്തിയെന്ന് പറഞ്ഞ് ഭർത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്

പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോർട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങൾ അധികൃതർ നേരത്തെ ഒരുക്കിയിരുന്നു. എന്നാൽ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് ഒട്ടേറെനാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

.റിഫയുടെ മരണത്തിൽ വ്‌ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരിൽനിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യ ചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ വയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്..

മരണത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂർ പാവണ്ടൂർ ഈന്താട് അമ്പലപ്പറമ്പിൽ റാഷിദ് റൂറൽ എസ്.പി. എ. ശ്രീനിവാസന് പരാതി നൽകിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റർചെയ്തത്.മൂന്നുവർഷംമുമ്പ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടർന്ന് ഭർത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതിൽ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവിൽ നാട്ടിലാണുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *