റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിഴക്കന്‍ മേഖലയില്‍ പോരാട്ടം തന്ത്രപ്രധാന പാത പിടിക്കാന്‍

May 27, 2022 - 10:56 pm

കീവ്: യുക്രൈന്റെ കിഴക്കന്‍ മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണത്തിനായി അതിരൂക്ഷ പോരാട്ടം. മേഖല കൈപ്പിടിയിലാക്കാനുള്ള റഷ്യന്‍ പടയോട്ടത്തിനെതിരേ സര്‍വസന്നാഹങ്ങളും ഉപയോഗിച്ചുള്ള ചെറുത്തു നില്‍പ്പില്‍ യുക്രൈന്‍ സേന. യുക്രൈന്‍ നിയന്ത്രിത പ്രദേശങ്ങളെ ഇതര മേഖലകളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനപാതയുടെ നിയന്ത്രണം റഷ്യ കൈക്കലാക്കിയെന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് യുക്രൈന്‍ സേനാ ഉന്നതന്‍ അറിയിച്ചു. ലുഹാന്‍സ്‌കും ഇതര മേഖലകളുമായുള്ള ബന്ധം മുറിച്ചെന്ന വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ല. പ്രദേശത്തെ വലിയ പട്ടണങ്ങളിലൊന്നായ സെവറോഡൊണെസ്‌ക് ലക്ഷ്യമിട്ട് അതിരൂക്ഷ പോരാട്ടമാണു നടക്കുന്നത്. ബാഗ്മത്തിലേക്കുള്ള പാതയുടെ നിയന്ത്രണം പിടിച്ചാല്‍ പട്ടണത്തിനു നാലുഭാഗവും റഷ്യന്‍ നിയന്ത്രണത്തിലാകും. സെവറോഡൊണെസ്‌കിനു തെക്കു-പടിഞ്ഞാറേക്കുള്ള പാതയ്ക്കു സമീപം കനത്ത പോരാട്ടമാണു നടക്കുന്നത്.

സിവിലിയന്‍ കേന്ദ്രങ്ങളിലടക്കം റഷ്യ ഷെല്‍ വര്‍ഷിക്കുന്നുണ്ട്. എന്നാല്‍, മാനവിക ഇടനാഴി അടഞ്ഞിട്ടില്ല. അതിനാല്‍ത്തന്നെ പട്ടണത്തില്‍നിന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതു തുടരുന്നുണ്ടെന്നന്നും യുക്രൈന്‍ സൈനികോദ്യോഗസ്ഥന്‍ പറഞ്ഞു.
യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നു മാസം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലയുടെ നിയന്ത്രണം പിടിക്കാനാണ് മോസ്‌കോ നിലവില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. വ്യാവസായിക മേഖലയായ ഡോണ്‍ബാസ് ഉള്‍പ്പെടെ കാല്‍ക്കീഴിലാക്കാനാണു റഷ്യ ലക്ഷ്യമിടുന്നത്. യുക്രൈന്‍ സേന നടത്തുന്ന വീരോചിത ചെറുത്തുനില്‍പ്പ് റഷ്യന്‍ നീക്കങ്ങള്‍ക്കു പ്രതീക്ഷിച്ചത്ര വേഗം കൈവരിക്കുന്നതിനു തടസം സൃഷ്ടിക്കുകയാണ്. യുദ്ധമുഖത്ത് മോസ്‌കോയ്ക്കു കനത്ത നാശവും നേരിടേണ്ടിവന്നു.

അതേ സമയം, യുക്രൈനിലെ അധിനിവേശ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് റഷ്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി റഷ്യ വേഗത്തിലാക്കി. നിയമവിരുദ്ധമായി റഷ്യന്‍ പൗരത്വവും പാസ്പോര്‍ട്ടും വിതരണം ചെയ്യുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവും യുക്രൈന്റെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റവുമാണെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഡോണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ റഷ്യന്‍ അനുകൂലികളായ വിമതര്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്കു റഷ്യന്‍ പൗരത്വവും പാസ്പോര്‍ട്ടും നല്‍കാന്‍ നേരത്തെ തന്നെ നടപടിയുണ്ടായിരുന്നു. പിന്നാലെ ഖേഴ്സന്‍, സാപൊറീഷ്യ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ടിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍ ബുധനാഴ്ചയാണ് ഒപ്പുവച്ചത്.
റഷ്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ റഷ്യയില്‍ താമസിക്കണം, റഷ്യന്‍ പരിഭാഷയില്‍ വിജയിക്കണം, സാമ്പത്തിക ഉറവിടം വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കണം തുടങ്ങിയ നിബന്ധനകളാണ് ഒഴിവാക്കിയത്. ഖേഴ്സന്‍, സാപൊറീഷ്യ മേഖലകളില്‍ ഔദ്യോഗിക കറന്‍സിയായി യുക്രെയ്നിയന്‍ റിനിയയ്ക്കൊപ്പം റഷ്യന്‍ റൂബിളും റഷ്യ അവതരിപ്പിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *