കോട്ടയം: വന്യജീവിസങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമുള്ള ഏതുതരം നിർമാണവും ഇനി നിയന്ത്രണത്തോടെ മാത്രം. ഇവയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോലമേഖലയായി സുപ്രീം കോടതി പ്രഖ്യാപിച്ചെങ്കിലും പൊതുതാത്പര്യം പരിഗണിച്ച് ദൂരപരിധിക്ക് ഇളവ് കിട്ടും. സുപ്രീം കോടതി തന്നെയാണ് ഇളവ് അനുവദിക്കുന്നത്.
കേരളത്തിൽ വന്യജീവിസങ്കേതം, ദേശീയോദ്യാനം എന്നിവയുടെ പദവിയുള്ള 24 ഇടങ്ങളാണുള്ളത്. ഇതിൽ 16 ഇടത്ത് ചെറുപട്ടണങ്ങളോ വലിയ ജനവാസമേഖലയോ ഉണ്ട്. ഒരു കിലോമീറ്റർ പരിധി കുറയ്ക്കുന്നതിന് കേന്ദ്ര ഉന്നതാധികാരസമിതിയും വനം-പരിസ്ഥിതി മന്ത്രാലയവും നൽകുന്ന ശുപാർശ പരിഗണിച്ചാണ് സുപ്രീംകോടതി തീരുമാനമെടുക്കുക. ഇളവിനായി സംസ്ഥാനങ്ങൾ കേന്ദ്ര ഉന്നതാധികാര സമിതിയെ സമീപിക്കണം. പരിസ്ഥിതിലോല മേഖല നിശ്ചയിക്കുമ്പോൾ എല്ലാ സ്ഥലത്തും ഒരേരീതി പറ്റില്ലെന്ന ദേശീയ വന്യജീവി ബോർഡിന്റെ അഭിപ്രായം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. സംസ്ഥാനങ്ങൾ ചിലയിടത്ത് ഒരു കിലോമീറ്ററിൽ കൂടുതൽ ലോലമേഖലയാക്കുകയും ചെയ്തു.
