റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിക്കൽ ഉത്തരവ് ഉടൻ ഇറങ്ങും;ഡോക്ടർമാരുടെ സമരം മാറ്റിവെച്ചു.

June 14, 2022 - 10:04 am

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് 14/06/22 ചൊവ്വാഴ്ച മുതൽ കോഴിക്കോട് ജില്ലയിൽ കെജിഎംഒഎ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവെച്ചു. സസ്പെൻഷൻ പിൻവലിക്കൽ ഉത്തരവ് ഉടനെ ഇറങ്ങുമെന്ന് ഉറപ്പിന്മേലാണ് തീരുമാനമെന്ന് കെജിഎംഒഎ വിശദീകരിച്ചു. 14/06/22 ചൊവ്വാഴ്ച മുതൽ കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധിയെടുക്കാനായിരുന്നു തീരുമാനം.

2022 മെയ് മാസം 31നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തിൽ മരിച്ചത്. റിമാൻഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇർഫാൻ ആണ് കോട്ടയ്ക്കലിൽ വാഹനാപകടത്തിൽ മരിച്ചത്. വാഹനമോഷണ കേസുകളിൽ റിമാൻഡിലായിരുന്ന മുഹമ്മദ് ഇർഫാനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മൂന്നാം വാർഡിലെ സെല്ലിൽ ഉണ്ടായിരുന്ന ഇർഫാൻ ഒരു സ്പൂൺ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് രാത്രി പുറത്തു കടന്നത്. ഇതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയിൽ സൂപ്രണ്ട് കെ സി രമേശിനെ സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചാണ് സമരവുമായി കെജിഎംഒഎ രംഗത്തെത്തിയത്. സുരക്ഷാവീഴ്ചയിൽ സൂപ്രണ്ടിനെ മാത്രം ബലിയാടാക്കുന്നു എന്നാണ് കെജിഎംഒഎ യുടെ ആരോപണം.

അതേസമയം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ ഒന്നാംപ്രതി ആരോഗ്യമന്ത്രി വീണ ജോർജ് ആണെന്നാണ് ബിജെപിയുടെ വിമർശനം. ആരോഗ്യരംഗത്ത് കേരള സർക്കാരിന്റെ പിടിപ്പുകേടിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം എന്നും ആരോഗ്യ രംഗത്ത് കേരളം ഒന്നാമത് എന്ന വാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ആശുപത്രിയുടെ അവസ്ഥയെന്നും ബിജെപി നേതാവ് എം ടി രമേശ് പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *