റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സായുധസേന നിയമനം: അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

June 16, 2022 - 12:17 pm

ന്യൂഡല്‍ഹി: കര, നാവിക, വ്യോമ സേനയിലേക്ക് ഹ്രസ്വകാല കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്മെന്റ് നടത്തുന്നതിനായുള്ള അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ കുതിച്ചുയരുന്ന പ്രതിരോധച്ചെലവ് നിയന്ത്രിക്കുന്നതിനായാണു പുതിയ റിക്രൂട്ട്മെന്റ് പദ്ധതി.
മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചതിനു പിന്നാലെ മൂന്നു സേനാ മേധാവികളുടെയും സാന്നിധ്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് മാധ്യമസമ്മേളനത്തില്‍ പദ്ധതി അവതരിപ്പിച്ചത്. സായുധസേനയ്ക്കു യുവത്വപരിവേഷം നല്‍കുന്ന പരിവര്‍ത്തന നടപടിയാണ് ”അഗ്‌നിപഥ് റിക്രൂട്ട്മെന്റ്” എന്ന് രാജ്നാഥ് സിങ് പറഞ്ഞു. നാലുവര്‍ഷത്തേക്ക്‌ സൈനികരെ സായുധസേനയില്‍ ചേര്‍ക്കുന്ന വിപ്ലവകരമായ മാറ്റമാണ് അവതരിപ്പിക്കുന്നത്. ഇവരില്‍ ചിലരെ സ്ഥിരപ്പെടുത്തും. കൂടുതല്‍ യുവാക്കളെ സായുധസേനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണ് നീക്കം.

പദ്ധതിയിലൂടെ സായുധസേനാംഗങ്ങളുടെ ശരാശരി പ്രായം 4-5 വര്‍ഷം കുറയ്ക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.പുതിയ പദ്ധതിയിലൂടെ നിയമിക്കപ്പെടുന്ന സൈനികരെ ”അഗ്‌നിവീര്‍” എന്നാകും വിളിക്കുക. ആറു മാസത്തെ പരിശീലനം അടക്കം നാലു വര്‍ഷത്തെ സേവനത്തിനുശേഷം ഇവര്‍ക്ക് സേന വിടാം.

പദ്ധതിപ്രകാരം നിയമിക്കപ്പെടുന്നവര്‍ക്ക് മൂന്നുസേനയിലും കൃത്യമായ റാങ്കുണ്ടാകും. യൂണിഫോമില്‍ പ്രത്യേക മുദ്രയും.പതിനേഴര വയസിനും 21 വയസിനും ഇടയിലുള്ള 45,000 ചെറുപ്പക്കാരെയാകും പദ്ധതിപ്രകാരം നാലുവര്‍ഷക്കാലയളവിലേക്ക് റിക്രൂട്ട് ചെയ്യുക. അടുത്ത 90 ദിവസത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങും. 2023 ജൂലൈയില്‍ ആദ്യബാച്ച് നിലവില്‍ വരുമെന്നാണ് കരുതുന്നത്. കേന്ദ്രീകൃതമായ ഓണ്‍ലൈന്‍ രീതിയിലാകും നിയമനം. സായുധസേനയില്‍ അപേക്ഷിക്കുന്നതിന് തുല്യമായ വിദ്യാഭ്യാസ യോഗ്യതകളുണ്ടെങ്കില്‍ അപേക്ഷിക്കാം. വനിതകള്‍ക്കും നിയമനത്തിന് അവസരം നല്‍കും. പത്താം ക്ലാസാണ് അടിസ്ഥാനയോഗ്യത.അഗ്നിവീര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു കടുത്ത െസെനിക പരിശീലനം നല്‍കും. പ്രതിമാസം 30000-40000 രൂപ ശമ്പളവും ആരോഗ്യ ഇന്‍ഷുറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങളും നല്‍കും. ആദ്യവര്‍ഷം 4.76 ലക്ഷം രൂപയും നാലാം വര്‍ഷം 6.92 ലക്ഷം രൂപയും വേതന ഇനത്തില്‍ ലഭിക്കും. രണ്ടും മൂന്നും വര്‍ഷം യഥാക്രമം 3,96,000രൂപ 4,95,000 രൂപ എന്നിങ്ങനെ ലഭിക്കും.നാലുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥിരം കേഡറിലേക്ക് സ്വമേധയാ അപേക്ഷിക്കാനുള്ള അവസരം നല്‍കും. മെറിറ്റിന്റേയും സേവനകാലയളവിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ 25 ശതമാനം സൈനികര്‍ക്കു സ്ഥിരം നിയമനം നല്‍കും. ഇവര്‍ക്ക് ഓഫീസര്‍ ഇതര റാങ്കുകളില്‍ 15 വര്‍ഷം സേവനം അനുഷ്ഠിക്കാം. സായുധസേനകളുടെ വെബ്സൈറ്റില്‍ ഒഴിവുകളെപ്പറ്റിയും അപേക്ഷാനടപടികളെപ്പറ്റിയുമുള്ള വിവരങ്ങള്‍ ലഭ്യമാകും. നാലുവര്‍ഷത്തെ സേവനത്തിനുശേഷം അഗ്‌നിവീര്‍ സൈനികര്‍ക്ക് നികുതിമുക്തമായ ഒറ്റത്തവണ സേവാ നിധി പാക്കേജ് പ്രകാരം 11-12 ലക്ഷം രൂപ ലഭിക്കും. എന്നാല്‍ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഉണ്ടായിരിക്കില്ല.

നിലവില്‍ പത്തുവര്‍ഷത്തേക്കാണ്‌ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇത് 14 വര്‍ഷം വരെ ദീര്‍ഘിപ്പിക്കാനാകുമായിരുന്നു. 2022-23 വര്‍ഷത്തെ പ്രതിരോധബജറ്റ് 5,25,166 കോടി രൂപയുടേതായിരുന്നു. ഇതില്‍ പ്രതിരോധവിഭാഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ മാത്രം 1,19,696 കോടി രൂപ വരും. ശമ്പളവും സ്ഥാപനങ്ങളുടെ ചെലവും ഉള്‍പ്പെടുന്ന റവന്യൂ ചെലവിനായി അനുവദിച്ചത് 2,33,000 കോടി രൂപയും. പദ്ധതി വിജയിക്കുന്നപക്ഷം പ്രതിരോധ ബജറ്റിലെ ചെലവിനത്തില്‍ വന്‍ കുറവിനു വഴിതെളിക്കുമെന്നാണ് കരുതുന്നത്.സായുധസേനയിലേക്കുള്ള റിക്രൂട്ട്മെന്റ് നടപടികളില്‍ കാതലായ മാറ്റം പദ്ധതിയിലൂടെ കൊണ്ടുവരാനാകുമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *