റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണക്കേസിൽ വഴിത്തിരിവ്: ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ

June 25, 2022 - 9:40 am

കോഴിക്കോട്: ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണത്തിൽ പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് റൂറൽ എസ്പിക്ക് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ നിർദേശം നൽകി. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ്, മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് സാലി, റിയാസ്, വെൽഫെയർ പാർട്ടി പ്രവർത്തകൻ മുഹമ്മദ് ഇജാസ്, ഷാലിദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മർദ്ദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് നജാഫ് ഫാരിസാണെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

നജാഫിന്റെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. എന്നാൽ, നാജാഫ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് വ്യക്തമാക്കി. മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പ്രതികരിച്ചു.

എസ്‍ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശ്ശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിലാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ ചേർന്ന് വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാർട്ടി നേതാക്കൾ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിന് ശേഷമാണ് ആൾക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

രണ്ട് മണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവർത്തകരാണ് മർദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴിനൽകിയിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *