ന്യൂഡല്‍ഹി: വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ഉദ്ധവ് താക്കറെയെ രാജിയിലേക്ക് നയിച്ചത് എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള നീക്കം പാളിയത്. ഏകനാഥ് ഷിന്‍ഡെ അടക്കം 16 വിമതരെ അയോഗ്യരാക്കാനുള്ള അപേക്ഷയില്‍ ജൂലൈ 11 വരെ തീരുമാനണമാനമെടുക്കരുതെന്നാണ് കോടതി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതോടെയാണ് അധികാരം നിലനിര്‍ത്താനുള്ള മഹാവികാസ് അഘാഡിയുടെ പ്രധാന നീക്കം തടസപ്പെട്ടത്.
ശിവസേനയ്ക്കു വേണ്ടി കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്വിയാണ് കേസ് വാദിച്ചത്. എന്‍.സി.പിയുടെ രണ്ട് എം.എല്‍.എമാര്‍ കോവിഡ് മൂലം ചികിത്സയിലാണ്. കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ വിദേശത്താണ്. അര്‍ഹരായവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരം നല്‍കാത്തതു ശരിയല്ലെന്നും അഭിഷേക് സിങ്വി വാദിച്ചു. എം.എല്‍.എമാരെ അയോഗ്യരാക്കിയ തീരുമാനം നിലനില്‍ക്കെ വിശ്വാസ വോട്ടെടുപ്പിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് സിങ്വി ആരാഞ്ഞു.സൂപ്പര്‍സോണിക് വേഗത്തിലാണ് വിശ്വാസവോട്ടെടുപ്പിനുള്ള തീരുമാനം ഗവര്‍ണര്‍ കൈക്കൊണ്ടതെന്ന് സിങ്വി വാദിച്ചു. അയോഗ്യതയും വിശ്വാസ വോട്ടെടുപ്പും തമ്മില്‍ ബന്ധമെന്താണെന്നായിരുന്നു കോടതിയുടെ നിലപാട്.വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിന്റെ സമയപരിധിയെക്കുറിച്ച് ഭരണഘടനയില്‍ നിബന്ധനയുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ആറു മാസത്തെയെങ്കിലും ഇടവേള ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താനാകില്ലെന്ന് സിങ്വി മറുപടി പറഞ്ഞു. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്. അദ്ദേഹം ഇനി അങ്ങനെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പോലും പ്രതിപക്ഷത്തിന്റെ ഉപദേശമല്ല ഗവര്‍ണര്‍ കേള്‍ക്കേണ്ടതെന്നും സിങ്വി പറഞ്ഞു. അതേസമയം യഥാര്‍ഥ ശിവസേന തങ്ങളാണെന്ന് വിമത എം.എല്‍.എമാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. 39 എം.എല്‍.എമാര്‍ ഒപ്പമുണ്ട്. അയോഗ്യതാ നോട്ടിസ് ലഭിച്ചത് 16 എം.എല്‍.എമാര്‍ക്കാണെന്നും വിമതരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന എം.എല്‍.എമാര്‍ക്കും വോട്ടെടുപ്പില്‍ പങ്കെടുക്കാമെന്നു സുപ്രീംകോടതി വ്യക്തമാക്കി. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും ജയിലില്‍ കഴിയുന്ന നവാബ് മാലിക്, അനില്‍ ദേശ്മുഖ് എന്നീ മഹാവികാസ് അഘാഡി സഖ്യ എം.എല്‍.എമാര്‍ക്കും വോട്ടുചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല. അന്ന് ഇവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. വിശ്വാസവോട്ടിന്റെ ഫലം എന്തായാലും കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
