റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകൻ എന്നെങ്കിലും തിരിച്ചുവരുമെന്നപ്രതീക്ഷയുമായി ശ്രീലത

August 6, 2022 - 6:49 am

കോഴിക്കോട്: മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപകിനെ (36) കാണാതായത് 2022 ജൂൺ ഏഴിനാണ് . മകൻ തിരിച്ചുവരുന്നത് കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്. ബന്ധുക്കൾ മൃതദേഹം ദീപകിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ ജൂലൈ 19-ന് ചിതയൊരുക്കി സംസ്കരിച്ചു. മകന്റെ വിയോഗത്തോട് പൊരുത്തപ്പെട്ട് വരുമ്പോളാണ് ഡി.എൻ.എ. പരിശോധനാ ഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും.

കാണാതായ മകനെ ഓർത്ത് വീണ്ടും വിങ്ങിപ്പൊട്ടുകയാണ് അമ്മ ശ്രീലത. അവന് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ എന്ന ആശങ്കയ്ക്കൊപ്പം അവൻ എന്നെങ്കിലും തിരിച്ചുവരുമെന്നപ്രതീക്ഷയുമുണ്ട് ഇപ്പോൾ ശ്രീലതയുടെ മനസ്സിൽ. “അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് എന്റെ മോനെയല്ലെങ്കിൽ, എന്റെ മോൻ പിന്നെ എവിടെപ്പോയി?”, മേപ്പയ്യൂരിൽ നിന്ന് കാണാതായ ദീപകിന്റ അമ്മ ശ്രീലതയ്ക്ക് നിറകണ്ണുകളോടെ ചോദിക്കാനുള്ളത് ഈ ഒരു ചോദ്യംമാത്രമാണ്.

അബു​ദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണ് നാട്ടിൽ തിരിച്ചെത്തുന്നത്.പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു ദീപക്. വിസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് പോയത്. മുമ്പൊരിക്കൽ സുഹൃത്തിന്റെ കയ്യിൽനിന്ന് പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്ന് ദിവസം കഴിഞ്ഞാണ് വീട്ടിൽ തിരിച്ചെത്തിയത്. അന്ന് ദീപകിന്റെ ഫോൺസ്വിച്ച് ഓഫ് ആയിരുന്നു. മേപ്പയ്യൂർ പോലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയ സമയത്ത് ദീപക് വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു.

ജൂൺ ഏഴിന് ദീപക് പോയപ്പോളും ആദ്യ ദിവസങ്ങളിൽ വീട്ടുകാർ കരുതിയത് മുമ്പത്തെപോലെ അവൻ തിരിച്ചുവരുമെന്നു തന്നെയാണ്. വിസയുടെ ആവശ്യത്തിനായി മുമ്പും തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പോയതിനാലും തുടക്കത്തിൽ സംശയം ഒന്നും തോന്നിയില്ല, അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയതെന്നും ദീപകിന്റെ സഹോദരീ ഭർത്താവ് ബാബുരാജ് പറഞ്ഞു.

കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോൾ ഫോണിൽ ചാ‍ർജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണ് ദീപകിന്റെ ഫോണിൽ നിന്നും വന്ന അവസാനത്തെ കോൾ. ബിസിനസ് തുടങ്ങാനായി പത്തുലക്ഷം രൂപ സുഹൃത്തുക്കളിൽ നിന്ന് കിട്ടാനുണ്ടെന്നും ഇത് വാങ്ങാനാണ് പലപ്പോളായി പോയതെന്നും ദീപക് സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ഇത് ആരിൽ നിന്നാണെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ മറ്റു സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇല്ല. സാമ്പത്തിക ഇടപാടിനെക്കുറിച്ച്.സൂചനയുള്ളതിനാൽ ഇതുകൂടി ഉൾപ്പെടുത്തി ദീപകിന്റെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബന്ധുക്കൾ പറയുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെ കാര്യത്തിലും ബന്ധുക്കൾക്ക് സംശയം ഉണ്ട്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ബന്ധുക്കൾ റൂറൽ എസ്.പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *