ന്യൂഡല്‍ഹി: സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ അഞ്ചുദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷ്യല്‍ സെക്രട്ടറി എച്ച് ഗ്യാന്‍ പ്രകാശ് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി വിലക്കിയത്. കഴിഞ്ഞ ദിവസം ഫൗഗക്ചാവോ ഇഖാങ്ങില്‍ 34 ഓളം പേര് ചേര്‍ന്ന് വാഹനം കത്തിച്ചെന്ന ബിഷ്ണുപൂര്‍ ജില്ലാ പോലിസ് സൂപ്രണ്ടിന്റെ റിപോര്‍ട്ടിന് പിന്നാലെയാണ് ഡാറ്റാ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ താഴ്വരയിലെ രണ്ട് ജില്ലയില്‍ രണ്ടുമാസത്തേക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തി. വാഹനം കത്തിച്ചത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ചെന്ന് ഉത്തരവില്‍ പറയുന്നു.
