ഇടുക്കി : ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ മുഴുവന്‍ സ്പില്‍വേ ഷട്ടറുകളും തുറന്നു. നിലവില്‍ സെക്കന്റില്‍ 8741 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. കൂടുതല്‍ വെള്ളം തുറന്ന് വിട്ടിട്ടും അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ലെന്നത് ആശങ്ക സൃഷ്‌കിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് നീക്കം.
മുല്ലപെരിയാര്‍ ഡാം ഷട്ടറുകള്‍ എല്ലാം തുറന്ന സാഹചര്യത്തില്‍ മഞ്ചുമലയില്‍ വില്ലേജ് ഓഫീസ് ആസ്ഥാനമായി 24*7 അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം ജില്ലാ ഭരണകൂടം സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍ നമ്പര്‍ – 04869-253362, മൊബൈല്‍ – 8547612910 അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ 04869-232077, മൊബൈല്‍ – 9447023597 എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
ജലനിരപ്പ് ഉയര്‍ന്നതോടെ ഇടമലയാര്‍ അണക്കെട്ട് തുറന്നു. 164.33 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. അപ്പര്‍ റൂള്‍ കര്‍വ് 163 മീറ്റര്‍ ആണ്. ഈ സാഹചര്യത്തില്‍ 09/08/22 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. അണക്കെട്ടിന് ആകെ നാല് ഷട്ടറുകള്‍ ആണുള്ളത്. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജീകരണങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്.
അതേ സമയം, ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജലം തുറന്നു വിട്ടേക്കും. 10.15 ന് ചേരുന്ന റൂള്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും. മുല്ലപ്പെരിയാറില്‍ നിന്നും വൃഷ്ടിപ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്നതിനാലാണ് നീക്കം. പെരിയാറിലെ ജലനിരപ്പ് അടിസ്ഥാനമാക്കി തീരുമാനമുണ്ടാകും. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. 5 ലക്ഷം ലിറ്റര്‍ വരെ തുടര്‍ന്ന് വിട്ടാല്‍ ചെറുതോണി പാലത്തിന് അപകടം സംഭവിക്കുമോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇടുക്കിയില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു.
