റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫർ സോൺ പുതിയ ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം, ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് എജി

August 9, 2022 - 2:39 pm

തിരുവനന്തപുരം: ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതില്‍ കടുത്ത ആശയക്കുഴപ്പം. 2019-ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാല്‍ നിയമപ്രശ്‌നങ്ങളുണ്ടാകുമെന്ന് എ ജി ഉപദേശം നല്‍കി. 2019ലെ ഉത്തരവ് നിലനിര്‍ത്തി പുതിയ ഭേദഗതി കൊണ്ടുവരാനാണ് ഇപ്പോഴത്തെ നീക്കം. അന്തിമ തീരുമാനം വൈകുന്നതിനാല്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കാനുള്ള നീക്കവും നീളുന്നു.

കഴിഞ്ഞ 27 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് 2019-ലെ ബഫര്‍സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസകേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍സോണായി നിശ്ചയിച്ചുള്ളതാണ് 2019-ലെ ഉത്തരവ്. ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീം കോടതി വിധി വലിയ ആശങ്ക ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്.

സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സൂപ്രീം കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായി. വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാന്‍ തീരുമാനിച്ചത്. പക്ഷെ കാബിനറ്റ് തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ പുതുക്കിയിറക്കിയില്ല. എജി നല്‍കിയ നിയമോപദേശമാണ് കാരണം.

2019-ലെ ഉത്തരവ് റദ്ദാക്കിയാല്‍ പിന്നെ 2013 ലെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് ഉപദേശം. അത് വഴി 12 കിലോ മീറ്റര്‍ വരെ ബഫര്‍ സോണായി മാറുമെന്നാണ് ഉപദേശം. ഇതോടെ 2019 -ലെ ഉത്തരവ് റദ്ദാക്കേണ്ടെന്ന നിലയിലേക്ക് ചര്‍ച്ചമാറി. എജിയും നിര്‍ദ്ദേശിച്ചത് ഇക്കാര്യം. പകരം പഴയ ഉത്തരവ് നിലനിര്‍ത്തി ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കി ബഫര്‍സോണ്‍ ഒരു കിലോമീറ്ററാക്കി പുതിയ ഉത്തരവ് ഇറക്കാമെന്നാണ് ഇപ്പോഴത്തെ നീക്കം. അതിനും നിയമക്കുരുക്കുണ്ടാകുമോ എന്ന ആശങ്കയും ബാക്കിയാണ്.

ഒടുവില്‍ വനംവകുപ്പ് തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉത്തരവിറക്കാനാണ് ശ്രമം. സംസ്ഥാനം ബഫറില്‍ പുതിയ ഉത്തരവ് ഇറക്കാത്തതോടെ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കുന്നതിലും അനിശ്ചിതത്വമായി. സംസ്ഥാനം തീരുമാനമെടുത്ത ശേഷം മതി തടസ ഹര്‍ജി എന്നാണ് സര്‍ക്കാറിന്റെ ഇപ്പോഴത്തെ നിലപാട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *