തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതി യോഗം. അടൂര്‍ നഗരത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് അടിയന്തിര ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തണമെന്നും നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്നു കച്ചവടങ്ങള്‍ സജീവമായത് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗത്തില്‍ തീരുമാനിച്ചു. അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍പിളള അധ്യക്ഷത വഹിച്ച യോഗത്തില്‍ അടൂര്‍ എല്‍.ആര്‍ തഹസില്‍ദാര്‍ പി ഐ മുംതാസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
