റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശുചിത്വ സാഗരം സുന്ദര തീരം: ജില്ലയിൽ ശുചീകരിക്കുന്നത് 56 കിലോമീറ്റർ കടൽത്തീരം

August 13, 2022 - 9:41 pm

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 56 കിലോമീറ്റർ കടൽത്തീരം ശുചീകരിക്കും. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു. കണ്ണൂർ കോർപറേഷൻ, ന്യൂമാഹി, തലശ്ശേരി, ധർമ്മടം, മുഴപ്പിലങ്ങാട്, അഴീക്കോട്, മാട്ടൂൽ, രാമന്തളി, മാടായി എന്നീ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ കടൽത്തീരമാണ് ശുചീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലാ- തദ്ദേശസ്ഥാപനതല കോ-ഓർഡിനേഷൻ കമ്മിറ്റികൾ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറുമായാണ് ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. വിവിധ വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു. തദ്ദേശ സ്ഥാപന തലവൻ ചെയർമാനും ഫിഷറീസിലെ ഒരു ഉദ്യോഗസ്ഥൻ കൺവീനറുമായാണ് തദ്ദേശ സ്ഥാപനതലത്തിലെ കമ്മിറ്റി.  പൊതുജനങ്ങൾക്കുള്ള ബോധവത്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങളാണ് നിലവിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചിരുന്നു. അതിലൂടെ കണ്ടെത്തിയ മാലിന്യങ്ങൾ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് നീക്കം ചെയ്തു. തദ്ദേശ സ്ഥാപന തലത്തിലുള്ള കടലോര നടത്തം സംഘടിപ്പിച്ചു വരികയാണ്. അത് ഉടൻ പൂർത്തിയാകും. അതോടെ പദ്ധതിയുടെ രണ്ടാംഘട്ടമായ പ്ലാസ്റ്റിക് മാലിന്യ ശേഖരണവും അതിന്റെ പുനരുപയോഗവും ആരംഭിക്കും. സെപ്തംബർ 18ന് മാലിന്യ ശേഖരണ പ്രവർത്തങ്ങൾ ആരംഭിക്കും.  ക്ലീന്‍ കേരളാ കമ്പനിയ്ക്കാണ് മാലിന്യം കൈമാറുക.

കടൽതീരത്തെ ഒരു കിലോമീറ്റർ പരിധിയുള്ള ചെറു യൂണിറ്റുകളായി തരം തിരിച്ച് ഓരോന്നിനും കൃത്യമായ പ്രവർത്തന മാർഗരേഖ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ. ഓരോ യൂണിറ്റിലും കുറഞ്ഞത് 25 പേരടങ്ങിയ സംഘത്തെ മാലിന്യ ശേഖരണത്തിനായി ചുമതലപ്പെടുത്തും. 56 കിലോമീറ്ററിൽ 56 ആക്ഷൻ ഗ്രൂപ്പുകളാണ് ജില്ലയിൽ രൂപീകരിച്ചത്. ഇതിൽ 200 മീറ്റർ ഇടവിട്ട്  269 മാലിന്യ ശേഖരണ കേന്ദ്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിക്കും. ഫിഷറീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ക്ലീൻ കേരള മിഷൻ, മത്സ്യഫെഡ്, ഹാർബർ എൻജിനിയറിംഗ് വകുപ്പ്, തീരദേശ വികസന കോർപറേഷൻ, യുവജനക്ഷേമ വകുപ്പ്, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ തുടങ്ങി എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *