റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുപ്രസിദ്ധ കാര്‍മോഷ്ടാവ് പിടിയില്‍

September 6, 2022 - 9:22 pm

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്ടാവ് ഒടുവില്‍ പോലീസ് വലയില്‍ കുടുങ്ങി. 27 വര്‍ഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അയ്യായിരത്തിലേറെ കാറുകള്‍ കവര്‍ന്ന അനില്‍ ചൗഹാന്‍ (50) ആണ് അറസ്റ്റിലായത്. ആഢംബര ജീവിതത്തിനായാണ് ഇയാള്‍ മോഷണങ്ങള്‍ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു.പലതവണ ടാക്സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയും ഇയാള്‍ കാറുകള്‍ കവര്‍ന്നിട്ടുണ്ട്. നിരവധി കൊലപാതകക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് മൂന്നു ഭാര്യമാരും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും നിരവധി സ്വത്തുക്കളുമുണ്ട്. ഡല്‍ഹിയിലെ ദേശ്ബന്ധു ഗുപ്ത റോഡ് മേഖലയില്‍നിന്നാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ അനില്‍ ചൗഹാനെ പിടികൂടിയത്. ആറു പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇയാളില്‍നിന്നു പിടിച്ചെടുത്തു. ഡല്‍ഹി ഖാന്‍പുരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാള്‍ 1995-ലാണ് കാര്‍ മോഷണം ആരംഭിച്ചത്. അക്കാലത്ത് മാരുതി 800 കാറുകള്‍ മോഷ്ടിച്ച് കുപ്രസിദ്ധനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മോഷ്ടിക്കുന്ന കാറുകള്‍ നേപ്പാളിലേക്കും ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കും കടത്തുകയായിരുന്നു പതിവ്.

പിന്നീട് ഡല്‍ഹിയില്‍ നിന്ന് അസമിലേക്കു താമസം മാറ്റി. അടുത്തിടെയായി ഇയാള്‍ ആയുധക്കള്ളക്കടത്തിലും സജീവമായിരുന്നതായി പോലീസ് പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിരോധിത സംഘടനകള്‍ക്ക് ഉത്തര്‍പ്രദേശില്‍നിന്ന് ആയുധങ്ങളെത്തിച്ചിരുന്നത് ഇയാളാണെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. നിലവില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി 180 കേസുകളാണ് അനില്‍ ചൗഹാനെതിരേയുള്ളത്. കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാര്‍ മോഷ്ടിച്ച കേസില്‍ 2015 അറസ്റ്റിലായ ഇയാള്‍, അഞ്ചു വര്‍ഷത്തെ തടവുശിക്ഷയ്ക്കുശേഷം 2020-ലാണ് ജയില്‍മോചിതനായത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *