തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ പ്ലസ് വണ്ണിന് 3,67,021 പേര്‍ പ്രവേശനം നേടിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്.ആദ്യത്തെ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം പൂര്‍ത്തിയായ ശേഷമുള്ള കണക്കാണിത്. ഇതില്‍ 2,94,563 പേര്‍ സ്ഥിരപ്രവേശനം നേടി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 2336 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 22,047 പേരും മാനേജ്‌മെന്റ് ക്വാട്ടയില്‍ 28,245പേരും അണ്‍ എയ്ഡഡ് ക്വാട്ടയില്‍ 19,830 പേരും പ്രവേശനം നേടി.
ഏറ്റവും കൂടുതല്‍ പേര്‍ പ്രവേശനം നേടിയത് കോഴിക്കോട് ജില്ലയിലാണ്- 37,085 പേര്‍. നികത്തപ്പെടാന്‍ 14 ജില്ലകളിലായി 62,192 സീറ്റുകള്‍ ബാക്കിയുണ്ട്. മെറിറ്റ് ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, അണ്‍ എയ്ഡഡ് ക്വാട്ട എന്നിങ്ങനെ മൂന്നു ക്വാട്ടകളിലായാണ് ഇത്രയും സീറ്റുകള്‍. ബാക്കിയുള്ള അലോട്ട്‌മെന്റ് നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കും. പ്രവേശനം നേടിയ ജില്ലയ്ക്കുള്ളില്‍ സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തോടെയുള്ള സ്‌കൂള്‍ മാറ്റത്തിനോ സ്‌കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറാന്‍ 16/09/2022 വൈകിട്ട് അഞ്ചു വരെ അപേക്ഷകര്‍ക്ക് തന്നെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
