റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമസ്ത മേഖലകളെയും മോദി സര്‍ക്കാര്‍ തകര്‍ത്തു: രാഹുല്‍

September 21, 2022 - 7:57 am

ആലപ്പുഴ: രാജ്യം ഇത്രയേറെ പ്രതിസന്ധി നേരിട്ട കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സമസ്തമേഖലകളെയും കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയെന്നും രാഹുല്‍ഗാന്ധി. ആലപ്പുഴ ജില്ലയിലെ ഭാരത് ജോഡോ പദയാത്രയുടെ സമാപനം കുറിച്ച് അരൂരില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങള്‍ നേരിടുന്ന ദുരിതം കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കു പോലും തൊഴില്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്. തൊഴിലില്ലായ്മയും വിലക്കയറ്റവും ഭരണകൂടത്തിനു പ്രശ്‌നമേയല്ല.

രാജ്യത്തെ നയിക്കുന്നവര്‍ വിദ്വേഷം പടര്‍ത്തുന്നവരാണ്. അവരുടെ പ്രസംഗങ്ങളിലും പ്രവൃത്തികളിലും സ്‌നേഹമോ അനുകമ്പയോ ഇല്ല. വിദ്വേഷവും പകയും നിറഞ്ഞ രാജ്യത്തിന് നിലനില്‍പ്പുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു.രാജ്യത്തെ എല്ലാ മേഖലകളും നിയന്ത്രിക്കുന്നത് സര്‍ക്കാരുമായി അടുപ്പമുള്ള രണ്ടോ മൂന്നോ സമ്പന്നര്‍ മാത്രമാണ്. വാണിജ്യമേഖല പൂര്‍ണമായും അവരിലേക്കു കേന്ദ്രീകരിക്കപ്പെടുന്നു.
ഇന്ത്യയില്‍ ചൈനയുടെ ആധിപത്യം ഉണ്ടാകുന്നു. പ്രതിരോധസേന പോലും അത് ആവര്‍ത്തിച്ചു പറയുമ്പോള്‍ പ്രധാനമന്ത്രി നിഷേധിക്കുന്നു. ഡല്‍ഹിയുടെയത്ര വലിപ്പമുള്ള പ്രദേശംപോലും ചൈന കൈയടക്കി വച്ചിരിക്കുന്നു.സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും മഹാത്മാ അയ്യങ്കാളിയും മുന്നോട്ടുവച്ച സന്ദേശങ്ങളാണ് കേരളത്തിലെ ഒരുമയുടെ അടിസ്ഥാനമെന്നും അതുതന്നെയാണു ജോഡോ യാത്ര മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ജോഡോ യാത്ര സംസ്ഥാന കോര്‍ഡിനേറ്റര്‍ കൊടുക്കുന്നില്‍ സുരേഷ് എം.പി, എം.പിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എ.ഐ.സി.സി. സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ് എം.എല്‍.എ, വിശ്വനാഥ പെരുമാള്‍, റോജി എം. ജോണ്‍ എം.എല്‍.എ, രാഷ്ര്ടീയകാര്യ സമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ എ.എ. ഷുക്കൂര്‍, എം.എം. നസീര്‍, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എസ്. അശോകന്‍, ഐ.കെ. രാജു, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്, ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു എന്നിവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *