റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു

September 25, 2022 - 11:44 am

ലോഡ്സ്: ഇന്ത്യയുടെ വനിതാ താരം ജൂലന്‍ ഗോസ്വാമി രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു. ഇംഗ്ലണ്ടിനെതിരേ നടന്ന വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ കളിച്ചാണു വിട പറഞ്ഞത്. അവസാന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായെങ്കിലും അലിസ് കാപ്സെ, കേറ്റ് ക്രോസ് എന്നിവരുടെ വിക്കറ്റെടുക്കാന്‍ ജൂലനായി. അലിസിയെ ഹര്‍മന്‍ ഡിയോളിന്റെ കൈയിലെത്തിച്ച ജൂലന്‍ ക്രോസിന്റെ വിക്കറ്റ് തെറുപ്പിച്ചു. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിലാണ് 39 വയസുകാരിയായ ജൂലന്‍ അവസാന മത്സരം കളിച്ചത്. 2002 ല്‍ ചെന്നൈയില്‍ നടന്ന ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. ആദ്യ മത്സരവും ഇംഗ്ലണ്ടിനെതിരേയായിരുന്നു.2 ടെസ്റ്റുകളിലും 203 ഏകദിനങ്ങളിലും 68 ട്വന്റി20 കളിലും സാന്നിധ്യമായി. ടെസ്റ്റില്‍ 44 വിക്കറ്റും ഏകദിനത്തില്‍ 253 വിക്കറ്റും ട്വന്റി20 യില്‍ 59 വിക്കറ്റുകളും കുറിച്ചു. 78 റണ്‍ വഴങ്ങി 10 വിക്കറ്റ് നേട്ടം കുറിച്ചതാണ് ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം. 2005 ലെയും 2017 ലെയും ഏകദിന ലോകകപ്പ് ഫൈനലില്‍ കളിച്ച താരമാണ്.മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റണ്ണിന് ഓള്‍ഔട്ടായി. ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും (106 പന്തില്‍ പുറത്താകാതെ 68) ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും (79 പന്തില്‍ 50) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയെ നൂറ് കടത്തിയത്. 38 പന്തില്‍ 22 റണ്ണെടുത്ത പൂജാ വസ്ത്രാകറും ഇംഗ്ലീഷ് ബൗളര്‍മാര്‍ നല്‍കിയ 20 അധിക റണ്ണുമാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓപ്പണര്‍ ഷഫാലി വര്‍മ, യാസ്തിക ഭാട്ടിയ എന്നിവര്‍ റണ്ണെടുക്കാതെ മടങ്ങി. നായിക ഹര്‍മന്‍പ്രീത് കൗറിനും (നാല്) ഹര്‍ലീന്‍ ഡിയോളിനും (മൂന്ന്) അവസരം മുതലാക്കാനായില്ല. വാലറ്റത്ത് ജൂലനെ കൂടാതെ രേണുക സിങ്, രാജേശ്വരി ഗെയ്ക്വാദ് എന്നിവരും റണ്ണെടുക്കാതെ മടങ്ങി. ഇംഗ്ലണ്ടിനു വേണ്ടി കേറ്റ് ക്രോസ് നാല് വിക്കറ്റെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *