റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഫണ്ടില്ല : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ, അനിശ്ചിത കാല നിരാഹാര സമരം സംഘടിപ്പിക്കാനുളള തീരുമാനവുമായി പ്രധാന അദ്ധ്യാപകരുടെ സംഘടന

October 9, 2022 - 7:00 am

കോഴിക്കോട്: ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിൽ. സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് പ്രധാനാദ്ധ്യാപകർ. ആവശ്യത്തിന് പണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കലാകായിക മേളകളുടെ നടത്തിപ്പിൽ നിന്നും വിട്ട് നിൽക്കാനാണ് പ്രധാന അദ്ധ്യാപകരുടെ സംഘടനയുടെ തീരുമാനം.

2016 ലാണ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിനുള്ള തുക നിശ്ചയിച്ചത്. 150 കുട്ടികളുള്ള സ്കൂളിൽ ഉച്ചഭക്ഷണത്തിനായി ഒരു വിദ്യാർത്ഥിക്ക് എട്ട് രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഈ തുക വെച്ച് ഉച്ചഭക്ഷണം മാത്രമല്ല, ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകുകയും വേണം. ഇതിൻറെ എല്ലാ ചുമതലും നൽകിയിരിക്കുന്നതാവട്ടെ സ്കൂളുകളിലെ പ്രധാനാദ്ധ്യാപകർക്കും. സംസ്ഥാനത്ത് പച്ചക്കറിയുടേയും ഗ്യാസിൻറേയും വില പതിന്മടങ്ങ് വർധിച്ചെങ്കിലും ഉച്ചഭക്ഷണത്തിനായി സർക്കാർ നൽകുന്ന തുകയിൽ മാത്രം ഒരു മാറ്റവുമുണ്ടായിട്ടില്ല. കുഞ്ഞുങ്ങൾക്കുള്ള ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ ശമ്പളത്തിൽ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പ്രധാന അദ്ധ്യാപകർ.

നിലവിൽ സർക്കാർ നൽകുന്ന തുക പോലും മാസങ്ങൾ വൈകുന്ന സാഹചര്യമാണുള്ളതെന്ന് പ്രധാനാദ്ധ്യാപകർ പറയുന്നു. ഇക്കാര്യം ഉയർത്തി കാണിച്ച് പല തവണ സമരങ്ങൾ സംഘടിപ്പിച്ചിട്ടും അനുകൂല സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല. ഇതിനെത്തുടർന്നാണ് കലാകായിക മേളകളുൾപ്പെടെയുള്ളവയുടെ സംഘാടനത്തിൽ നിന്നും വിട്ട് നിൽക്കാൻ പ്രധാന അദ്ധ്യാപകരുടെ സംഘടനയായ കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. അനിശ്ചിത കാല നിരാഹാര സമരം ഉൾപ്പെടെ സംഘടിപ്പിക്കാനും പ്രധാന അദ്ധ്യാപകരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *