മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ 61 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. വിവിധ ഓപ്പറേഷനിലായാണ് 32 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.
മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ ചരിത്രത്തില്‍ ഒരു ദിവസത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന പിടിച്ചെടുക്കലാണിത്. വെള്ളിയാഴ്ചത്തെ ഓപ്പറേഷനുകളില്‍ ഏഴ് യാത്രക്കാര്‍ അറസ്റ്റിലായി. അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും.
ടാന്‍സാനിയയില്‍ നിന്നു മടങ്ങിയെത്തിയ നാല് ഇന്ത്യക്കാര്‍ കൊണ്ടുവന്ന ഒരു കിലോ തൂക്കംവരുന്ന സ്വര്‍ണക്കട്ടികളാണ് ആദ്യ ഓപ്പറേഷനില്‍ പിടികൂടിയത്. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബെല്‍റ്റുകളില്‍ ഒന്നിലധികം പോക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
53 കിലോ യു.എ.ഇ നിര്‍മിത സ്വര്‍ണക്കട്ടികളും ഉദ്യോഗസ്ഥര്‍ പിടികൂടി. യാത്രക്കാരുടെ ബെല്‍റ്റിനുള്ളിലായിരുന്നു ഇതും. ദോഹ വിമാനത്താവളത്തില്‍ വച്ച് സുഡാന്‍ പൗരനാണ് ബെല്‍റ്റുകള്‍ യാത്രക്കാര്‍ക്ക് കൈമാറിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.
