റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി: ഇരുവരും ഒരേവേദിയില്‍

November 30, 2022 - 7:17 am

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ഉലച്ച അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി. മൂപ്പിളമത്തര്‍ക്കം മറന്ന് ഇരുവരും ഒരേവേദിയില്‍.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തു പര്യടനം നടത്തുന്നതിനു മുന്നോടിയായി ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഭിന്ന ധ്രുവങ്ങളിലായിരുന്ന നേതാക്കളുടെ സംഗമത്തിനു വേദിയായത്.

പാര്‍ട്ടി കേന്ദ്രനേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ അശോക് ഗെലോട്ടും മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റും വീണ്ടും തോളോടു തോള്‍ ചേര്‍ന്നത്. പാര്‍ട്ടിക്കാണു പ്രാമുഖ്യമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണു പരമമായ ലക്ഷ്യമെന്നും ഗെലോട്ട് വ്യക്തമാക്കി. കോണ്‍ഗ്രസ് പഴയ പ്രതാപം വീണ്ടും കൈവരിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിലേക്കുള്ള ചുവടുവയ്പ്പാണിത്. രാജ്യത്തു നിലനില്‍ക്കുന്ന പിരിമുറുക്കത്തിന്റെ അന്തരീക്ഷത്തിലാണ് ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും യാത്രയിലെ ജനപങ്കാളിത്തം രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ സാധാരണക്കാര്‍ ഏറ്റെടുത്തുവെന്നതിനു തെളിവാണെന്നും ഗെലോട്ട് പറഞ്ഞു. ഡിസംബര്‍ നാലിന് സംസ്ഥാനത്തു പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണമൊരുക്കുമെന്നു സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

12 ദിവസം ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പര്യടനം നടത്തും. അതിനുമുമ്പേ ഗെലോട്ട്-സച്ചിന്‍ പോരിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. രണ്ടുപേരെയും ഒരു വേദിയില്‍ അണിനിരത്തി ഭിന്നതയില്ലെന്നു സ്ഥാപിക്കാന്‍ കഴിഞ്ഞതു നേട്ടമായി. ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശാനുസരണം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണു മഞ്ഞുരുക്കിയത്.

കഴിഞ്ഞയാഴ്ച ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പൈലറ്റിനെ അശോക് ഗെലോട്ട് ചതിയനെന്നു വിശേഷിപ്പിച്ചതാണ് ഇരുവരും തമ്മിലുള്ള പോരിനു പുതിയ മാനം നല്‍കിയത്. 10 എം.എല്‍.എമാരുടെപോലും പിന്തുണയില്ലാത്ത സച്ചിനെ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനു മുഖ്യമന്ത്രിയായി വാഴിക്കാനാകില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഐക്യത്തോടെ മുന്നേറേണ്ട അവസരത്തില്‍ ഒരു മുതിര്‍ന്ന നേതാവിനു ചേര്‍ന്നതല്ല ഇത്തരം പ്രതികരണമെന്നായിരുന്നു സച്ചിന്റെ മറുപടി. ഇതിനോടു യോജിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതോടെ ഗെലോട്ട് പ്രതിരോധത്തിലായി. പിന്നാലെ ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനു പരിഹാരം കാണാന്‍ കെ.സി. വേണുഗോപാലിനെ രാഹുല്‍ ഗാന്ധി നിയോഗിച്ചെന്നാണ് അനുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *