രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിൽ സൈനികരുടെ പങ്ക് ആദരിക്കപ്പെടണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. സിവിൽ സ്റ്റേഷനിലെ പ്ലാനിംഗ് ഹാളിൽ സായുധ സേനാ പതാക ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.
ലോകം വികസിക്കുന്നതിനൊപ്പം രാജ്യം നേരിടുന്ന വെല്ലുവിളികളും വളരുകയാണ്. സേന എന്ന നിലയിൽ ആൾബലത്തിലും ആയുധ ബലത്തിലും ലോകോത്തര ശക്തിയായി രാജ്യം വളരുന്നു. ദുരന്ത മുഖങ്ങളിലും സൈനികരുടെ സേവനം കാണാൻ സാധിക്കുമെന്നും കളക്ടർ പറഞ്ഞു.
പെറ്റമ്മയും പിറന്ന നാടും ദൈവത്തെക്കാൾ ശ്രേഷ്ഠമാണെന്ന് പാടിയ കവികളുടെ നാട്ടിലാണ് നാം ജീവിക്കുന്നത്. ജീവിച്ചിരിക്കുന്ന കാലത്തോളം രാജ്യത്തോട് കൂറു പുലർത്തുകയും കർമം ചെയ്യുകയും വേണം. ഏതു സാഹചര്യത്തിലും രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഉണർന്നു പ്രവർത്തിക്കുന്ന സൈനികരുടെ പങ്ക് സ്മരിക്കപ്പെടണമെന്നും കളക്ടർ ഓർമിപ്പിച്ചു.
പതാക ദിനത്തിന്റെ ഭാഗമായുള്ള ആദ്യ പതാക ജില്ലാ കളക്ടർ ഡോ. രേണു രാജ് സ്വീകരിച്ചു. സായുധ സേന പതാക നിധിയിലേക്കുള്ള സംഭാവനകളും കളക്ടർ സ്വീകരിച്ചു.
രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെയും അംഗ വൈകല്യം സംഭവിച്ച സൈനികരുടെ ക്ഷേമത്തിനു വേണ്ടിയുമാണ് സായുധ സേന പതാക നിധി വഴി ശേഖരിക്കുന്ന തുക വിനിയോഗിക്കുന്നത്.
ജില്ലാ സൈനിക ബോർഡ് വൈസ് പ്രസിഡന്റ് കേണൽ എം. ഒ. ഡാനിയൽ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനികക്ഷേമ ഓഫീസർ ലെഫ്. കേണൽ വി. ജെ റീത്താമ്മ, കൊച്ചി ദക്ഷിണ നാവിക കമാൻഡ് റെജിമെന്റൽ സിസ്റ്റം ഓഫീസർ ക്യാപ്റ്റൻ ടി. രഞ്ജിത്ത് സുന്ദരം, കൊച്ചി സ്റ്റേഷൻ കാന്റീൻ മാനേജർ കേണൽ ഡോ. സജി അബ്രഹാം, അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസർ വി. സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.
