റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയെ ‘കൊല്ലുക’: കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗം വിവാദത്തില്‍

December 13, 2022 - 7:11 am

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാമര്‍ശിച്ച് മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പടേരിയ നടത്തിയ പ്രസംഗം വിവാദത്തില്‍. ഭരണഘടനയെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മോദിയെ കൊല്ലണമെന്ന പടേരിയയുടെ പരാമര്‍ശമാണ് വിവാദമായത്. ”കൊല്ലുക” എന്നതുകൊണ്ടു താന്‍ അര്‍ത്ഥമാക്കിയത് ”തോല്‍പ്പിക്കുക” എന്നാണെന്ന് പിന്നാലെ അദ്ദേഹം വ്യക്തമായെങ്കിലും വിവാദം അടങ്ങിയില്ല.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടയില്‍ പ്രസംഗം വിവാദമായത് കോണ്‍ഗ്രസിനു വലിയ തിരിച്ചടിയായി. പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.മധ്യപ്രദേശിലെ മുന്‍ മന്ത്രികൂടിയായ പട്ടേരിയയ്‌ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒത്തുചേരലായി കരുതപ്പെടുന്ന ഒരു യോഗത്തില്‍ രാജ പടേരിയ പ്രസംഗിക്കുന്നതായി പുറത്തുവന്ന വീഡിയോയിലാണ് വിവാദ പരാമര്‍ശമുള്ളത്. ”മോദി തെരഞ്ഞെടുപ്പു സംവിധാനം അവസാനിപ്പിക്കും. മോദി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ വിഭജിക്കും, ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടനയെ രക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറാകൂ.” ഇതായിരുന്നു പടേരിയയുടെ വാക്കുകള്‍. പിന്നീട് ഇതേ വീഡിയോയില്‍ത്തന്നെ തന്റെ പ്രസംഗത്തില്‍ കൊല്ലുക എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത് തോല്‍പ്പിക്കുക എന്നാണെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

മഹാത്മാഗാന്ധിയുടെ അഹിംസാ പ്രത്യയശാസ്ത്രമാണു താന്‍ പിന്തുടരുന്നതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി മോദിയെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പന്ന ജില്ലയിലെ പവായ് നഗരത്തില്‍നിന്നാണ് വീഡിയോ പുറത്തുവന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *